governor

ന്യൂഡൽഹി: എസ് എഫ് ഐ പ്രവ‌ർത്തക‌ർ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'എന്റെ വാഹനത്തിന് മുന്നിലേക്കെത്താൻ പൊലീസ് എങ്ങനെയാണ് പ്രതിഷേധക്കാർക്ക് അനുമതി നൽകിയത്. പ്രതിഷേധം നടന്ന സ്ഥലങ്ങളിൽ എസ് എഫ് ഐക്കാരെ എത്തിച്ചത് പൊലീസ് വാഹനങ്ങളിലാണ്. അറസ്റ്റ് ചെയ്ത് കൊണ്ടുപോയതും പൊലീസ് ജീപ്പിലാണ്. ആരാണ് ആഭ്യന്തരമന്ത്രി? എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ നിർദേശത്തിന് പുറത്താണ് നടന്നത്. മുഖ്യമന്ത്രി സംഭവത്തിൽ ഗൂഢാലോചന നടത്തി.

സംഭവത്തിന് മൂന്ന് ദിവസം മുൻപ് മുഖ്യമന്ത്രി ഒരു പ്രസ്‌താവന നടത്തി. ഗവർണർ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുകയാണെന്ന് പറഞ്ഞു. എസ് എഫ് ഐ അല്ലാതെ വേറെ ഏതെങ്കിലും വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നുണ്ടോ? പ്രതിഷേധക്കാരെ വെറുതേ പിടിച്ചുവച്ചിട്ട് കാര്യമില്ലെന്ന് ഞാൻ ചീഫ് സെക്രട്ടറിയോടും ‌ഡിജിപിയോടും പറഞ്ഞിട്ടുണ്ട്.

പൊലീസുകാരും കാഴ്‌ചക്കാരായി നിന്നു. അവർക്കുമേൽ സമ്മർദ്ദമുണ്ട്. ഞാൻ വെറുതേ കാറിലിരുന്ന് അവർ എന്നെ മുറിവേൽപ്പിക്കുന്നത് നോക്കി ഇരിക്കണോ? ഗവർണറെ ആക്രമിച്ചാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഐപിസിയിൽ പറയുന്നുണ്ട്. എന്നിട്ടും അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. പ്രതിഷേധക്കാർ വന്നാൽ ഇനിയും കാറിൽ നിന്ന് പുറത്തിറങ്ങും'- ഗവർണർ വ്യക്തമാക്കി.