
കാശ്മീരിലെ കത്രിയിലുളള ശ്രീമാതാ വൈഷ്ണോ ദേവീക്ഷേത്രത്തിൽ സന്ദർശനം നടത്തി ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ഇന്ന് പുലർച്ചെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ആരാധകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കറുത്ത കൂളിംഗ് ഗ്ലാസും അതേനിറത്തിലുളള ഹുഡ് ജാക്കറ്റും ധരിച്ചാണ് നടൻ എത്തിയത്.
ഈ മാസം 21നാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'ഡങ്കി' തിയേറ്ററുകളിൽ എത്തുന്നത്. ഇതിന് മുന്നോടിയായാണ് ദേവിയുടെ അനുഗ്രഹത്തിനായി താരം ക്ഷേത്രത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മൂന്നാമത്തെ തവണയാണ് ഷാരൂഖ് ഖാൻ ഈ ക്ഷേത്രത്തിൽ എത്തുന്നത്. ഈ വർഷം ബോക്സോഫീസുകളിൽ വൻവിജയമായ പതാൻ, ജവാൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെ റിലീസിന് മുൻപും താരം ദേവീക്ഷേത്രത്തിൽ എത്തിയിരുന്നു.
രാജ്കുമാർ ഹിരാനി - ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഡങ്കി. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. തപ്‌സി പന്നു, ബൊമൻ ഇറാനി, വിക്കി കൗശൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഷാരൂഖ് ഖാന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. താരത്തിനോടൊപ്പം തെന്നിന്ത്യൻ താര സുന്ദരി നയൻതാര അഭിനയിച്ച ജവാൻ ബോക്സോഫീസിൽ ഹിറ്റായിരുന്നു.ഡങ്കിയിലെ മൂന്ന് ഗാനങ്ങൾ മുൻപ് തന്നെ റിലീസ് ചെയ്തിരുന്നു. ഇവ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.