k

'ഹോട്ടലാണെന്ന് കരുതി ബാർബർഷാപ്പിലെത്തിയ ആൾ ചോദിച്ചു 'എന്തുണ്ട് കഴിക്കാൻ ?'

ബാർബർ ഷാപ്പുകാരന്റെ മറുപടി: 'കട്ടിംഗും ഷേവിംഗും' 'എങ്കിൽ പോരട്ടെ രണ്ടും ഓരോന്ന്'

പഴയൊരു ശ്രീനിവാസൻ സിനിമയിലെ തമാശ ഡയലോഗാണിതെങ്കിലും വർത്തമാനകാലത്തും ഇത്തരം തമാശകൾ ആവർത്തിക്കുന്നുവെന്നത് ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്നവർക്ക് തെല്ലെങ്കിലും ആശ്വാസം പകരുന്നതാണെന്നതിൽ തർക്കമില്ല. നമ്മെ ഭരിക്കുന്ന മന്ത്രിമാർ അവരെ തിരഞ്ഞെടുത്തവരുടേത് മാത്രമല്ല, ജനങ്ങളുടെയാകെ മന്ത്രിമാരെന്നാണ് വയ്പ്. ചിലപ്പോഴെങ്കിലും മന്ത്രിമാർ തങ്ങളുടെ നിലയും വിലയും മറന്ന് സംസാരിക്കുമ്പോഴാണ് പഴയ ശ്രീനിവാസൻ സിനിമയിലെ ഡയലോഗും ഓർമ്മയിലേക്കെത്തുന്നത്. മന്തരിമാരിൽ പലരും നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ആപ്പിലായ ചരിത്രമുണ്ട്. രണ്ടാം പിണറായി മന്ത്രിസഭയിലെ സജി ചെറിയാൻ എന്ന സാംസ്ക്കാരിക മന്ത്രിക്ക് ഇത്തരത്തിൽ വിടുവായത്തം പറഞ്ഞ് മന്ത്രിസ്ഥാനം തന്നെ നഷ്ടപ്പെട്ടതാണ്.

വിജയകരമായി മുന്നേറുന്ന നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും ചില മന്ത്രിമാരും നടത്തിയ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്. കേരളത്തിലെ സർക്കാർ സ്കൂളുകൾ കണ്ടിട്ട് ജനങ്ങൾ സ്റ്റാർ ഹോട്ടലാണോ എന്ന് ചോദിച്ച് വരുന്നുവെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ വാക്കുകളാണ് പഴയശ്രീനിവാസൻ സിനിമയിലെ ഡയലോഗുമായിപ്പോൾ ചേർത്ത് വായിക്കുന്നത്. സ്കൂളും ഹോട്ടലും കണ്ടാൽ തിരിച്ചറിയാത്തവരാണോ കേരളത്തിലെ ജനങ്ങളെന്നാണ് മന്ത്രിയെ ട്രോളുന്നവരുടെ മറുചോദ്യം. പലമന്ത്രിമാരുടെയും ഇത്തരം വിടുവാക്കുകൾ വിവാദങ്ങളായി മാറുന്നത് സാധാരണമായിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസിൽ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും സന്ദർശനം നടത്തുകയാണ്. ഇതിനെതിരെ പ്രതിപക്ഷം നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ തുടക്കം മുതലേ നവകേരളസദസ്സിനെതിരെ പ്രതിഷേധങ്ങളും കരിങ്കൊടി പ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. ഏറ്റവും ഒടുവിലായി കോതമംഗലത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിനു നേരെ ഷൂ എറിഞ്ഞാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. പ്രതിഷേധക്കാരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവത്തകർ തന്നെ കൈകാര്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിന് പൊലീസും ഒത്താശ ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

പുതിയ തരം

രക്ഷാപ്രവർത്തനം

കണ്ണൂരിൽ വച്ച് നവകേരള ബസിന് കരിങ്കൊടി കാട്ടിയ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേരിട്ടത് ഹെൽമറ്റും ചെടിച്ചട്ടിയുമൊക്കെ ഉപയോഗിച്ചായിരുന്നു. എന്നാൽ ഇത് നവകേരള ബസിന്റെ മുന്നിലേക്ക് ചാടിയവരെ രക്ഷിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ 'രക്ഷാപ്രവർത്തനം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ബസിന്റെ മുൻ സീറ്റിലിരുന്ന താൻ നേരിട്ട് കണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ പുതിയൊരു തരം 'രക്ഷാപ്രവർത്തനം' കൂടി നിഘണ്ടുവിൽ ഇടം നേടുകയായിരുന്നു. പുതിയ മോഡൽ രക്ഷാപ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രിയാകട്ടെ, ഒരു പടികൂടിക്കടന്ന് ഇത്തരം രക്ഷാപ്രവർത്തനങ്ങൾ ഇനിയും ആവർത്തിക്കണമെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഉപദേശിച്ചതോടെ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർക്ക് എതിരാളികളെ കൈകാര്യം ചെയ്യാനുള്ള ലൈസൻസായി. പലയിടത്തും പ്രതിഷേധക്കാരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചൊതുക്കിയപ്പോൾ പൊലീസ് കാഴ്ചക്കാരെപ്പോലെ നിന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോതമംഗലത്ത് ബസിന് നേരെ ഷൂ എറിഞ്ഞവരെ കൈകാര്യം ചെയ്തത്. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരെ രക്ഷിക്കാനുള്ള 'രക്ഷാപ്രവർത്തനം' കണ്ടില്ലല്ലോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചത്.

മന്ത്രിമാരുടെ

പേഴത്തരങ്ങൾ

പോഴത്തരങ്ങൾ പറയുകയും പറഞ്ഞ പോഴത്തരം കൈവിട്ടുപോയപ്പോൾ മന്ത്രി സ്ഥാനം തന്നെ ഒരിയ്ക്കൽ തെറിച്ച സജിചെറിയാൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും 'വൈറലാണ്'. നവകേരള ബസിന്റെ മുന്നിലേക്ക് ചാടുന്നവരെ പിടിച്ചുമാറ്റി രക്ഷപ്പെടുത്തുന്നത് നാട്ടുകാരാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തം. നവകേരള സദസ്സ് സുരക്ഷിതമായി തലസ്ഥാനം വരെ എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ പൊതുജനം പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിനെതിരെ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇന്ത്യൻ ഭരണഘടയ്ക്കെതിരെ പറഞ്ഞ പോഴത്തരത്തിന്റെ പേരിൽ ഒരിയ്ക്കൽ മന്ത്രിസ്ഥാനം വരെ തെറിച്ച ആളാണ് സജി ചെറിയാൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഡോ.അംബേദ്കർ എഴുതിവച്ചിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വച്ചെന്നല്ലാതെ സാധാരണക്കാരനെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിൽ നടത്തിയ ഈ പ്രസംഗം വിവാദമായി മാറിയപ്പോഴാണ് മന്ത്രിയുടെ രാജിയിൽ കലാശിച്ചത്. ഒരിയ്ക്കൽ വിടുവായത്തം പറഞ്ഞ് പണിവാങ്ങിയെങ്കിലും അദ്ദേഹം തന്റെ കലാപരിപാടി ഉപേക്ഷിച്ചില്ല. കേരളത്തിൽ കൃഷിചെയ്തില്ലെങ്കിലും ഒരു ചുക്കും സംഭവിക്കുകയില്ലെന്ന പ്രസ്താവന. തമിഴ്നാട്ടിൽ കൃഷിയുള്ളിടത്തോളം കേരളത്തിന് പേടിയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തപ്പോൾ വേദിയിലിരുന്ന കൃഷിമന്ത്രി പി. പ്രസാദ് പോലും ഞെട്ടി. ഇടയ്ക്കൊന്ന് സൗദി അറേബ്യയിൽ പോയ അദ്ദേഹം പറഞ്ഞത് അവിടെ മുസ്ലിം പള്ളികളിൽ ബാങ്ക് വിളി കേൾക്കാനില്ലെന്നായിരുന്നു. പറഞ്ഞത് അബദ്ധം എന്ന് മനസ്സിലാക്കി ഉടനെ മാപ്പ് പറഞ്ഞതിനാൽ അനിഷ്ട സംഭവമുണ്ടായി.

നിയമസഭയിൽ പ്രതിപക്ഷം നടത്തിയ നിരന്തരസമരത്തിനെതിരെ പ്രതിഷേധിച്ച വി.ശിവൻകുട്ടിയ്ക്കെതിരെ ട്രോൾ മഴ പെയ്തത് അടുത്തിടെയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ നടന്ന കൈയ്യാങ്കളിയുടെ പേരിലാണ് ശിവൻകുട്ടിക്കെതിരെ ട്രോൾ മഴ പെയ്തത്. നവകേരള സദസ്സിൽ പങ്കെടുക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിറുത്തിയ സംഭവത്തിൽ കോടതി പോലും ഇടപെട്ടപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് കുട്ടികൾ സ്വമേധയാ കാണാനെത്തിയതെന്നാണ്. കുട്ടികളെ നവകേരള സദസ്സിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം പുറത്തിറക്കിയ സർക്കുലറും പിന്നീട് കോടതി ഇടപെടലിനെതുടർന്ന് പിൻവലിച്ചു. അച്ചടക്കമുള്ള കുട്ടികൾ നവകേരള സദസ്സിലേക്ക് വരണമെന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയെ പഴയ നിയസഭാ കൈയ്യാങ്കളിയുമായി കൂട്ടിച്ചേർത്താണ് ട്രോളന്മാർ മഴപെയ്യിച്ചത്.

'Wherever I go, I take my house in my head' എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വാക്കുകൾ ഇപ്പോഴും ട്രോൾ മഴ പെയ്യിക്കുകയാണ്. രണ്ടാം പിണറായി മന്ത്രിസഭയിലെ ഏതാനും മന്ത്രിമാരെപ്പോലെ മുൻകാലങ്ങളിലൊന്നും ഒരു മന്ത്രിമാരും ഇത്തരം പ്രസ്താവനകൾ നടത്തി സ്വയംപരിഹാസ്യരായിട്ടില്ലെന്നാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ പോലും പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെപ്പോലെ സമൂഹമാദ്ധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് കടലിൽ മഴപെയ്യുന്നതിനെക്കുറിച്ച് ഒരു മന്ത്രി നടത്തിയ പരാമർശം ഏറെ കളിയാക്കലുകൾക്കും ആക്ഷേപങ്ങൾക്കും കാരണമായിരുന്നു.