online-food-delivery

ബീജിംഗ്: നഗരത്തിൽ ജീവിക്കുന്നവർ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളെ. ഒറ്റ ക്ലിക്കിൽ ഇഷ്ടപ്പെട്ട ഭക്ഷണം നമ്മുടെ പടിവാതിൽക്കൽ എത്തും. ഭക്ഷണം പാകം ചെയ്യാൻ മടിയുള്ളവർക്കും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഓൺലൈൻ ഡെലിവറി ആപ്പുകൾ ശരിക്കും ഒരു അനുഗ്രഹമാണ്. ചില ആപ്പുകൾ ഓഫറുകളും നൽകുന്നത് കൊണ്ട് തന്നെ ചെറിയ തുകയ്ക്കും ഭക്ഷണം ലഭിക്കുകയും ചെയ്യും.

എന്നാൽ ഇപ്പോഴിതാ ഓൺലൈൻ ഡെലിവറി ആപ്പ് മുഖേന ഭക്ഷണം വാങ്ങിയ ഒരു ഉപഭോക്താവിനുണ്ടായ ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സംഭവം നടന്നത് ചൈനയിലാണ്. ഫുജ്വയിൻ പ്രവിശ്യയിലെ ഒരു യുവതി തന്റെ ഇഷ്ട ഭക്ഷണം ഒരു ഓൺലൈൻ ഡെലിവറി ആപ്പ് മുഖേന ഓർഡർ ചെയ്തു. എന്നാൽ ഇതിന് ശേഷമുണ്ടായ സംഭവവികാസങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം.

വിശന്നിരുന്ന യുവതിക്ക് ഭക്ഷണം ഡെലിവറി ബോയ് എത്തിച്ചത് ഒരുപാട് വൈകിയായിരുന്നു. മാത്രമല്ല, ഇയാൾ ഭക്ഷണം വാതിലിന് മുമ്പായി ഉപേക്ഷിച്ച് പോവുകയാണ് ചെയ്തത്. ഭക്ഷണം എത്തിച്ച കാര്യം യുവതിയെ അറിയിക്കുക പോലും ചെയ്തില്ല. യുവതി മറ്റെന്തോ കാര്യത്തിന് വേണ്ടി വാതിൽ തുറന്നപ്പോഴാണ് ഭക്ഷണം കണ്ടത്. ഡെലിവറി ബോയിയുടെ മോശം പെരുമാറ്റത്തിൽ യുവതി ഡെലിവറി ആപ്പിൽ നെഗറ്റീവ് റിവ്യു പങ്കുവച്ചു.

ഇതറിഞ്ഞ ഡെലിവറി ബോയ് യുവതിയെ ഭീഷണിപ്പെടുത്തി. എന്നാൽ അത് വെറും ഭീഷണിയായിരുന്നില്ല. അടുത്ത തവണ വീട്ടിൽ എത്തിക്കുന്ന ഭക്ഷണത്തിൽ എലിവിഷം കലർത്തി കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. 'നിങ്ങൾ മരണത്തെ കാത്തിരുന്നോ, അടുത്ത തവണ ഡെലിവറി ചെയ്യുന്ന ഭക്ഷണത്തിൽ എലിവിഷം കലർത്തും'- ഡെലിവറി ബോയി യുവതിയുടെ വീട്ടുപടിക്കൽ എത്തി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

സംഭവത്തിന് പിന്നാലെ യുവതി ഡെലിവറി കമ്പനിയെ കാര്യം ധരിപ്പിച്ചു. ജീവനക്കാരനിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ കമ്പനി മാനേജർ ക്ഷമ ചോദിച്ചു. ഡെലിവറി ബോയിയോടെ ക്ഷമാപണം നടത്താനും മാനേജർ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് യുവതിയുടെ വാതിലിന്റെ ലോക്ക് തകർത്തിരുന്നു. ഇത് മാറ്റുന്നതിനുള്ള തുക നൽകുമെന്നും കമ്പനി അറിയിച്ചു.

സംഭവം സോഷ്യൽ മീഡിയിൽ അടക്കം വലിയ ചർച്ചയായി. ഇനി എന്തു വിശ്വസിച്ചാണ് നമ്മൾ ഭക്ഷണം ഓർഡർ ചെയ്യുകയെന്നാണ് പലരും ചോദിക്കുന്നത്. ഇങ്ങനെയുള്ള ജീവനക്കാരെ ഉടൻ തന്നെ പുറത്താക്കണമെന്നും മറ്റ് ചിലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡെലിവറി ബോയികളുമായി ബന്ധപ്പെട്ട ഒരുപാട് കുറ്റകൃത്യങ്ങൾ അടുത്തിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.