sabarimala

പത്തനംതിട്ട: തിരക്ക് അധികരിച്ചതോടെ അയ്യപ്പ ദ‌ർശനം നടത്താനാകാതെ ശബരിമല തീ‌ർത്ഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് ഭക്തർ തിരികെ പോകുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരാണ് മണിക്കൂറുകളോളം കാത്തുനിന്നിട്ടും ദർശനം ലഭിക്കാതെ മടങ്ങുന്നത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നു.

ശബരിപീഠം മുതൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞ് മുന്നോട്ടു നീങ്ങാനാകാത്ത അവസ്ഥയിലാണ്. ദർശനം കഴിഞ്ഞെത്തുന്നവരെ തിരികെയെത്തിക്കാനുള്ള കെ എസ് ആർ ടി സി ബസുകളും വഴിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഭക്തർക്ക് തിരികെ പോകാനും കഴിയാത്ത അവസ്ഥയാണ്.

തിരക്ക് നിയന്ത്രിക്കാൻ മതിയായ പൊലീസുകാർ ഡ്യൂട്ടിയിലില്ലാത്തതും തിരിച്ചടിയാകുന്നു. പ്രതിദിനം 80,000 തീർത്ഥാടകർ എത്തുമ്പോൾ ഡ്യൂട്ടിയിലുള്ളത് ആകെ 1850 പൊലീസുകാരാണ്. എട്ട് മണിക്കൂറുള്ള ഒരു ഷിഫ്‌റ്റിലുള്ളത് 615 പൊലീസുകാരും. തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസുകാരെ നിയോഗിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതേസമയം, ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗം നടക്കുകയാണ്. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുന്നത്. എംഎൽഎമാരായ തിരുവ‌ഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധി സംഘവും നിലയ്ക്കലിൽ എത്തിയിട്ടുണ്ട്.

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമാണെന്നും സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി പൊലീസും വനം വകുപ്പും ചേർന്ന് അടച്ചെന്നുമാണ് കഴിഞ്ഞദിവസം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സന്നിധാനത്തെ പൊലീസ് ചീഫ് കോ ഓർഡിനേറ്റർ ഇന്നുച്ചയ്ക്ക് രണ്ടിന് കോടതിയിൽ ഹാജരായി വിശദീകരിക്കും.