mosquito

കോട്ടയം : കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുണ്ടാകുന്ന പ്രാദേശിക മഴയും മിന്നൽ പ്രളയവും ജ​ല​പ​രിസ്ഥിതിയിൽ ഉണ്ടാക്കിയ മാറ്റം തുമ്പികളുടെ വൈവിദ്ധ്യത്തേയും ബാധിച്ചെന്ന് ​ മീനച്ചിൽ തുമ്പി സർവേ റിപ്പോർട്ട്​. 27 കല്ലൻതുമ്പിക​ളും 21 സൂചിത്തുമ്പിക​ളും ഉൾപ്പെടെ 48 ഇനം തുമ്പികളെ സർവേയിൽ കണ്ടെത്താനായി. മലിനീകരണത്തിന്റെ സൂചകമായി കരുതുന്ന ചങ്ങാതി തു​മ്പികൾ മുൻവർഷം നഗരമാലിന്യം ഒഴുകിയെത്തുന്ന ഈരാറ്റുപേട്ടാ, പാലാ, കോട്ടയം എന്നിവിടങ്ങളിൽ ധാരാളം ഉണ്ടായി​രുന്നെങ്കിൽ ഇത്തവണ, പാലായിലേക്കാൾ മഴ കുറവായിട്ടുണ്ടായ കോട്ടയം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മാത്രമാണുള്ളത്​. മീനച്ചിലാറിന്റെ തുടക്കഭാഗത്ത്​, ശുദ്ധജല സൂചകമായ നീർമാണിക്യ​നും മധ്യ​ഭാ​ഗത്തും പതനഭാഗത്തും സ്വാമി തുമ്പി​യും കൂടുതലായി കാണപ്പെട്ടു. മലരിക്കലും തണലോരത്തുമാണ്​ ഏറ്റവുമധികം ഇനം തുമ്പികളെ കാണാനായത്​.


കേരള വനം വകുപ്പ്​ സാമൂഹ്യ വനവത്ക്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്​ ഇക്കോളജിക്കൽ സയൻസും സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്​, ഡോ.നെൽസൺ പി. ഏബ്രഹാം, എം.എൻ. അജയകുമാർ , എൻ.ശരത്​ ബാബു , അനൂപാ മാത്യൂസ്​, ഷിബി മോസസ്​, അമൃതാ വി.രഘു, രഞ്ജിത്ത്​ ജേക്കബ്​, ക്രിസ്റ്റഫർ ജോൺ ഐസക്​, മഞ്ജു മേരി ചെറി​യാൻ എന്നിവർ നേതൃ​ത്വം നൽകി.


കൊതുക്​ നിർമ്മാർജ്ജനത്തിന്​ ഏറ്റവും ഉപകരിക്കുന്നവയും ജലപരിസ്ഥിതിയുടെ സൂചകങ്ങളുമായ തുമ്പികളെ പുതുതലമുറയെ പരിചയപ്പെടുത്തേണ്ടത്​ അനിവാ​ര്യ​മാ​ണ്.