
കേരളം എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേയ്‌ക്ക് ആദ്യം ഓടി വരുന്നത് 'ഗോഡ്‌സ് ഓൺ കൺട്രി' എന്നായിരിക്കും. എന്നാൽ ഈ പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള വാർത്തകളാണ് കുറച്ച് ദിവസമായി പുറത്തുവരുന്നത്. അതിലൊന്നാണ് സ്ത്രീധനം കാരണമുണ്ടാകുന്ന ആത്മഹത്യകൾ. കഴിഞ്ഞ 15 വർഷത്തിനിടെ 250ലധികം മരണങ്ങളാണ് സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടന്നിട്ടുള്ളത്. ഓരോ ദുരന്ത വാർത്തകൾ പുറത്തുവരുമ്പോഴും സ്ത്രീധന വിരുദ്ധ പ്രസ്താവനകളും ചർച്ചകളും നടക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ കെട്ടടങ്ങും. വീണ്ടും പൂർവാധികം ശക്തിയോടെ സ്ത്രീധനം എന്ന വിപത്ത് ഉയർന്ന് വരികയും ചെയ്യും.
കേരളത്തിൽ പെൺമക്കളുള്ള വീടുകളിൽ സ്ത്രീധനത്തിന്റെ പേരിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. ഇവിടെ മാത്രമല്ല, അങ്ങ് ബീഹാറിലും അവസ്ഥ ഇത് തന്നെ. അവിടെ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ ആൺകുട്ടികൾ പോലും വിവാഹത്തിന് വലിയ സ്ത്രീധനമാണ് ചോദിക്കുന്നത്. ഇതോടെ ബീഹാറിൽ ഉടലെടുത്ത സമ്പ്രദായമാണ് 'പക്കഡ്വ വിവാഹം '. ഇത് കാരണം ജീവിതം തന്നെ അവതാളത്തിലായവർ നിരവധിയാണ്. എന്താണ് പക്കഡ്വ വിവാഹമെന്നും സ്ത്രീധനം എന്ന വിപത്ത് ഒരു സമൂഹത്തിലെ നല്ലവരായ പുരുഷന്മാർക്ക് പോലും ദോഷമായി മാറിയത് എങ്ങനെയെന്നും അറിയാം.

പക്കഡ്വ വിവാഹം
ഒരാളുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നതിനെയാണ് പക്കഡ്വ വിവാഹമെന്ന് പറയുന്നത്. ഒരു ദിവസം നാലോ അഞ്ചോ വിവാഹങ്ങളാണ് ഇത്തരത്തിൽ ബീഹാറിൽ നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ചിലതിന് മാത്രമാണ് പരാതി ലഭിക്കുന്നത്. സ്ത്രീധന മോഹികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ബീഹാറിൽ പക്കഡ്വ വിവാഹങ്ങളുടെ എണ്ണവും കൂടാൻ തുടങ്ങിയത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് വരനെ തട്ടിക്കൊണ്ടുവരാൻ മുൻകൈയെടുക്കുന്നത്. ചിലർ ഗുണ്ടാ സംഘങ്ങളുടെ സഹായവും തേടാറുണ്ട്. പക്കഡ്വ വിവാഹം സാമൂഹിക പ്രശ്നമായി മാറിയതോടെ ഇതിനെ പ്രമേയമാക്കി സിനിമകൾ വരെ പുറത്തിറങ്ങി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2017 മുതൽ 2019 വരെ 30,207 പക്കഡ്വ വിവാഹങ്ങളാണ് നടന്നിട്ടുള്ളത്.
വിവാഹത്തിലൂടെ മാനസികനില തെറ്റിയ അദ്ധ്യാപകൻ
ബീഹാർ പബ്ലിക് സർവാസ് കമ്മീഷന്റെ പരീക്ഷയെഴുതി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചയാളാണ് ഗൗതം കുമാർ. ഒരുപാട് പ്രതീക്ഷകളോടെയാണ് ജോലിയിൽ പ്രവേശിച്ചതെങ്കിലും കണ്ട സ്വപ്നങ്ങളെല്ലാം അദ്ദേഹത്തിന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്‌ക്ക് പോകാനിറങ്ങിയ ഗൗതമിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. കണ്ണുകൾ മൂടിക്കെട്ടി എവിടേക്കോ കൊണ്ടുപോയി. ഒടുവിൽ കണ്ണ് തുറന്നത് വിവാഹമണ്ഡപത്തിലേയ്‌ക്കാണ്. മുന്നിൽ കുറച്ചുപേർ തോക്ക് ചൂണ്ടി നിൽക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി അവിടെ വധുവിന്റെ വേഷമണിഞ്ഞ് ഇരിപ്പുണ്ടായിരുന്നു. ഗൗതമിന് ആ കുട്ടിയെ ഭയന്ന് വിവാഹം കഴിക്കേണ്ടി വന്നു.

സംഭവം അറിഞ്ഞതോടെ ഗൗതം കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തി. യുവതിയുടെ ബന്ധുക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡുകളും പൊലീസ് സ്റ്റേഷനും ഉപരോധിച്ചു. തുടർന്ന് പൊലീസ് യുവാവിനെ തിരിതെ കൊണ്ടുന്നുവെങ്കിലും മാനസികമായി ഗൗതമിനുണ്ടായ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തനാകാൻ കഴിഞ്ഞില്ല. പക്കഡ്വ വിവാഹം എന്ന പേരിൽ നടക്കുന്ന ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഗൗതം.
സോനു കുമാർ
പക്കഡ്വ വിവാഹത്തിന്റെ മറ്റൊരു ഇരയാണ് സൈനികനായ സോനു കുമാർ. ഇന്ത്യൻ ആർമിയിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുകയായിരുന്നു സോനു. അവധി ആഘോഷിച്ച് തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് സോനുവിനെ തേടി മുഖംമൂടി ധരിച്ച നാലുപേരെത്തിയത്. പിന്നീട് കണ്ണ് തുറന്നപ്പോൾ സോനു കാണുന്നത് അലങ്കരിച്ച കല്യാണ മണ്ഡപമാണ്. അവിടെ ഒരുങ്ങിയിരുന്ന വധുവിനെ സോനുവിന് വിവാഹം കഴിക്കേണ്ടി വന്നു.

പക്കഡ്വ വിവാഹത്തിന്റെ ഇരകളിൽ ഭൂരിഭാഗവും ഗൗതത്തിനെയും സോനുവിനെയും പോലെയാണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നവരുമുണ്ട്. സ്ത്രീധനത്തോടുള്ള ആർത്തി കാരണമാണ് ഒരു സംസ്ഥാനത്തെ ഏറെക്കുറേ യുവാക്കൾക്കും തങ്ങളുടെ സ്വപ്നത്തിനനുസരിച്ചുള്ള ജീവിതം നഷ്ടമായത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ നമ്മുടെ കേരളത്തിലും ഈ സ്ഥിതി ഉണ്ടാകുന്ന കാലം വിദൂരമല്ല.