
തലശ്ശേരി: ഫരീദാബാദിൽ നിന്നും വിമാനത്തിൽ കൊറിയർ പാർസലിൽ അയച്ച 400 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ കൂത്തുപറമ്പ് സർക്കിൾ എക്സൈസും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഇല്ലിക്കുന്ന് സ്വദേശി യാസിൻ വീട്ടിൽ ടി.കെ റഷ്ബാൻ, കണ്ണൂർ വലിയന്നൂരിലെ സ്ഫാൻ മൻസിലിൽ മുഹമ്മദ് സഫ്‌വാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇല്ലിക്കുന്ന് ചിറമ്മൽ റോഡിലെ ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടക വീട്ടിൽ നിന്നാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. വിപണിയിൽ ഏഴ് ലക്ഷം രൂപ വരുന്ന ഉത്പന്നങ്ങളാണ് പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ എ.കെ വിജേഷിന്റെ നേതൃത്തിലുള്ള പാർട്ടിയും കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തു കസ്റ്റഡിയിലെടുത്തു. ഇത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും. പരിശോധനയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് വണ്ടിചാലിൽ, അബ്ദുൾ നിസാർ, സുധീർ, സി.പി.ഷാജി , ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സർക്കിളിലെ പ്രിവന്റീവ് ഓഫീസർമാരായ പി. പ്രമോദൻ, യു.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി വിഷ്ണു, എ.എം ബിനീഷ്, ജിജീഷ് ചെറുവായി, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
വിദ്യാർത്ഥികളെ ലഹരിക്കെണിയിൽ വീഴ്ത്തും പുകയില ഉത്പന്നങ്ങൾ സുലഭം
പിലാത്തറ: പൊലീസ് റെയ്ഡുകൾ ഒരു ഭാഗത്ത് നടക്കുമ്പോഴും ലഹരിക്കെണിയിലേക്ക് വിദ്യാർത്ഥികളെ വീഴ്ത്തുന്ന പുകയില ഉത്പന്നങ്ങൾ നാട്ടിൽ സുലഭം. സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കൂൾലിപ് എന്ന ഫിൽട്ടർ പുകയില ഉൽപന്നം കടന്നുകയറുന്നതായി ആക്ഷേപമുണ്ട്. ഗന്ധമില്ലാത്തതും ലഹരി കൂടുതലുള്ളതുമാണിതെന്നാണ് പറയുന്നത്. സ്‌കൂളുകളുടെ പരിസരത്തുള്ള ചില കടകൾ കേന്ദ്രീകരിച്ചാണ് ഇത് വിൽപന നടത്തുന്നത്.
കൂടാതെ വിദ്യാർത്ഥികൾക്കിടയിൽ ഇത് എത്തിച്ച് കൊടുക്കുന്ന ചില ലോബികൾ തന്നെയുണ്ടെന്നും പറയുന്നു. വിദ്യാർത്ഥികളെയും വിതരണത്തിനായി ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്. പിലാത്തറയിലെ രണ്ട് കടകൾ, മാതമംഗലം, അഞ്ജനപുഴ, പാണപ്പുഴ, കാനായി എന്നിവിടങ്ങളിലെ ചില കടകൾ കേന്ദ്രീകരിച്ച് പുകയില ഉത്പന്ന വില്പന നടക്കുന്നുണ്ട്. ഈ കടകളിൽ പൊലീസ് നിരവധി തവണ റെയ്ഡ് നടത്തി പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നുവെങ്കിലും പിഴയടച്ച് വീണ്ടും ഇവർ കച്ചവടം തുടരുകയാണ്.
മൂന്ന് മാസം മുമ്പ് വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ നൽകിയ ഒരു കട നാട്ടുകാർ തകർത്തിരുന്നു. ഇതരസംസ്ഥാനങ്ങളിൽ അഞ്ച് രൂപയുള്ള ഇത് ഇവിടെ വിറ്റഴിക്കുന്നത് അമ്പതും, നൂറും രൂപക്കാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വിദ്യാർത്ഥികളെ പിന്നീട് എം.ഡി.എം.എ പോലുള്ള മാരക രാസലഹരിയിലേക്ക് നയിക്കുകയാണ്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പൊലീസും എക്സൈസും സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നാണിവർ പറയുന്നത്.