
പുഴ എന്ന്
അഴകോടെ എഴുതുമ്പോൾ
അഴുക്കോടെ ഒഴുകുന്ന
പുഴ കൺമുന്നിലൂടെ
കുതിച്ചു പായുന്നു
എന്റെ അഴലാകെ കൂടുന്നു.
വസന്തം എന്ന് എഴുതുമ്പോൾത്തന്നെ
ശിശിരകാലത്തിന്റെ
ചിറകിൻ ചൂടിൽ വാടിത്തളർന്ന്
ഒരു മരം ശ്വാസംമുട്ടി മരിക്കുന്നു
എന്റെ നിഴൽ പോലും നീറുന്നു.
തീരത്ത്
നിന്റെ പേരിന്റെ വേരുകൾ
എഴുതിപ്പടർത്തുമ്പോൾ,
തോന്ന്യാസം പെരുത്ത
ഒരു താന്തോന്നി
തിര വന്ന്
മായിച്ചു കളഞ്ഞ്
കുലുങ്ങിച്ചിരിച്ച് തിരിച്ചുപോകുന്നു.
മഴ എന്ന്
എഴുതി മുഴുമിപ്പിക്കും മുൻപേ,
വെയിൽക്കുരുവികൾ
ചിലച്ചുകൊണ്ട്
മുറ്റത്ത് പറന്നിറങ്ങുന്നു.
എഴുതുന്നതിലൂടെയെങ്കിലും
ഞങ്ങൾ ജീവിച്ചിരുന്നു എന്ന്
അടിവരയിട്ട് ബോദ്ധ്യപ്പെടുത്തുന്നുണ്ടല്ലോ.
ആ ബോദ്ധ്യപ്പെടുത്തലാകുന്നു,
നിങ്ങളുടെ ഹൃദയത്തിൽ
ഞങ്ങൾ ഉണ്ടായിരുന്നു എന്നതിന്
കരുത്തേകുന്ന തെളിവ്.
എഴുത്തൊരു പുനർജ്ജനിയുടെ
വാടാതെ വീഴുന്ന
ഇലവിരിയൽ തന്നെയാണ്.