
തളിപ്പറമ്പ്: മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ രണ്ട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മോഷ്ടാക്കൾ വന്ന ബൈക്കും കണ്ടെടുത്തു. കോഴിക്കോട് സ്വദേശികളായ പറമ്പിൽ ബസാറിൽ ഇരിക്കാട്ട്മീത്തൽ ജോഷിത്ത് (33), കാരാപ്പറമ്പ് കുറുമിശേരിയിലെ മുണ്ട്യാടിത്താഴത്ത് അഭിനന്ദ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ക്ഷേത്രത്തിനടുത്തുകൂടി പോവുകയായിരുന്ന പന്തൽ പണിക്കാരാണ് ക്ഷേത്രത്തിന് സമീപം ആളുടെ നിഴൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ച് നടത്തിയ പരിശോധനയിൽ ഒരു ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. ഇതിൽ കുറേ നാണയങ്ങളും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 5 മണിയോടെ സംശയകരമായ രീതിയിൽ അബലത്തിൽ നിന്ന് വരുന്ന രണ്ട് പേരെ കണ്ടെത്തി. ഇവരെ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പരസ്പര വിരുദ്ധമായി പറഞ്ഞത് . ഇവരെ നാട്ടുകാർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വരഡൂൽ ലക്ഷ്മിനാരായണ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ഇരട്ടതൃക്കോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ ഇവർ കവർച്ച നടത്തിയതായും കണ്ടെത്തി. ഭണ്ഡാരങ്ങൾ പൊളിച്ച് കവർച്ച നടത്തിയതിന് പുറമെ ഇരട്ടതൃക്കോവിൽ ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ട് തകർത്ത് അലമാര തുറന്നും കവർച്ച നടത്തി. നടക്കാവ്, അത്താണി, എലത്തൂർ, കുന്ദമംഗലം, കാക്കൂർ എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്.