
ശാന്തി മായാദേവി വളർന്നത് തിരുവനന്തപുരത്ത്. പ്രാക്ടീസ് ചെയ്തത് വഞ്ചിയൂർ കോടതിയിൽ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വിജയ് യുടെയും വക്കീലായി സിനിമയിൽ തിളങ്ങിയ ശാന്തി ക്യാമറയുടെ പിന്നിൽ പുതിയ കുപ്പായത്തിൽ.മോഹൻലാൽ നായകനാവുന്ന നേര് സിനിമയുടെ തിരക്കഥാകൃത്തായി ശാന്തി ഇനി അറിയപ്പെടും. സംവിധായകൻ ജീത്തു ജോസഫിനൊപ്പം കൂട്ടെഴുത്തിൽ പിറന്നതാണ് നേര്.
ഡിസംബർ 21ന് നേര് തിയേറ്ററിൽ എത്തുമ്പോൾ ക്യാമറയുടെ മുന്നിലും ശാന്തിയുണ്ട്. കഥാപാത്രം തത്കാലം സസ്പെൻസ് എന്ന് ശാന്തി.
ആകാംക്ഷയും
പ്രതീക്ഷയും
യാദൃച്ഛികമായി സംഭവിച്ചതാണ് തിരക്കഥ എഴുത്ത്. ദൃശ്യം 2 ന്റെ സമയത്താണ് ജീത്തു സാർ ഒരു കോർട്ട്റൂം ഡ്രാമയെപ്പറ്റി പറയുന്നത്. അദ്ദേഹം ഒരു ആശയം പങ്കുവച്ചു. അങ്ങനെയാണ് തിരക്കഥ എഴുതി തുടങ്ങിയത്.
രണ്ട് വർഷം വേണ്ടിവന്നു തിരക്കഥ പൂർത്തിയാകാൻ. ഹൈക്കോടതിയിൽ അഭിഭാഷകയായതിനാൽ കോടതിയും കേസും മറ്റുതിരക്കും കഴിഞ്ഞ് അരമണിക്കൂർ ഇരുന്ന് എഴുതാം എന്നുവിചാരിച്ചാൽ അതിന് കഴിയണമെന്നില്ല. എനിക്ക് എഴുതാൻ വേണ്ടി മാത്രമായി ഒരു സമയം വേണം. ഇടയ്ക്ക് കാലിന് ചെറിയ അപകടം സംഭവിച്ചു.
അതിന്റെ വിശ്രമ വേളയിലാണ് എഴുത്ത് പുരോഗമിച്ചത്.എഴുത്തിന്റെ അവസാനഘട്ടത്തിലാണ് നായകൻ ലാലേട്ടൻ എന്ന് അറിയുന്നത്. അപ്പോൾ സന്തോഷം ഇരട്ടിച്ചു. പിന്നെ നമ്മൾ എഴുതുന്ന ഡയലോഗുകൾ എല്ലാം ലാലേട്ടൻ പറയുമ്പോൾ എങ്ങനെയായിരിക്കും എന്ന് അറിയാതെ തന്നെ മനസിൽ തെളിഞ്ഞ് വന്നു.എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാകും, വിജയിക്കും എന്ന പ്രതീക്ഷയിലാണ്.
നമ്മൾ നമ്മുടെ ജോലി ചെയ്തു. ജീത്തു സാറിന്റെ കൂടെ തിരക്കഥ എഴുതാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്.'സീകിംഗ് ജസ്റ്റിസ്’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. സത്യം കണ്ടെത്തുക എന്ന രീതിയിലല്ല. സത്യം എല്ലാവർക്കും അറിയാം. അത് അറിഞ്ഞതിനുശേഷം കുറ്റകൃത്യത്തിന് ഇരയായ ഒരു കുട്ടി നീതി തേടുന്നതാണ് പ്രമേയം.
അപ്രതീക്ഷിത
വരവുകൾ
സ്കൂളിൽ പഠിക്കുമ്പോൾ ചെറുകഥകളും ഉപന്യാസവും എഴുതിയിട്ടുണ്ട്. അല്ലാതെ സ്ഥിരം എഴുതുന്ന ശീലമില്ല. ഒരർത്ഥത്തിൽ വക്കീൽ ജോലി എഴുത്തു കൂടിയാണ്. കേസിൽ കക്ഷികളുടെ കാര്യങ്ങൾ മനസിലാക്കി, അതിനെ ശക്തിപ്പെടുത്തി നമ്മൾ വാദിക്കും. സിനിമയിൽ വരുമ്പോൾ വ്യത്യാസമുണ്ട്. എന്നിരുന്നാലും ജോലി ഏറെക്കുറെ എഴുത്തിൽ സഹായിച്ചു.
എഴുത്തിലേക്ക് യാദൃശ്ചികമായി എത്തിയതുപോലെയാണ് അഭിനയത്തിലേക്ക് വന്നതും. രമേഷ് പിഷാരടി, ഹരി പി. നായർ എന്നിവരുമായുള്ള സൗഹൃദം കാരണമാണ് മമ്മൂക്ക നായകനായ ഗാനഗന്ധർവ്വൻ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. നമ്മൾ അഭിമാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ കൂടെ അഭിനയിച്ച്തുടക്കം കുറിക്കാൻ സാധിച്ചത് ഭാഗ്യമായി കരുന്നു.
ഗാനഗന്ധർവ്വനിൽ ഡയലോഗുകൾ കൂടുതൽ ഉണ്ടായിരുന്നു. എന്നാൽ ആളുകളുടെ ഇടയിൽ മീമിലൂടെ പ്രശസ്തമായത് ദൃശ്യത്തിലെ ചെറിയൊരു സീനാണ്. പിന്നെയാണ് വിജയ് സാറിന്റെ ലിയോയിലേക്ക് വിളി വരുന്നത്.
അത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ വക്കീൽ വേഷം തന്ന പ്രശസ്തിയാണ്. റാമിലും അഭിനയിച്ചു.
ആ കോടതി
മുറി
ഭർത്താവ് ഷിജു എച്ച്.ഡി.എഫ്.സി ബാങ്കിൽ ജോലി ചെയ്യുന്നു. മകൾ ആരാധ്യ രെഷിക പൗർണമി രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്.നേരിന്റെ ഭാഗമായി 50 ദിവസം വക്കീൽ ജോലിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്.
ഇനി ജോലിയിലായിരിക്കും കൂടുതൽ ശ്രദ്ധ.തിരുവനന്തപുരത്തായിരുന്നു നേരിന്റെ ചിത്രീകരണം.തിരക്കഥ എഴുതുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ഞാൻ വളർന്ന നാട്ടിൽ നടന്നതും യാദൃശ്ചികം. വഞ്ചിയൂർ സെഷൻസ് കോടതിയിൽ നിന്നാണ് എന്റെ ജീവിതംതുടങ്ങുന്നത്. കോടതി മുറി നോക്കി മനസിലാക്കാൻ ജീത്തു സാറും ഞാനും പോയിരുന്നു. യൂണിവേഴ്സ്റ്റി മെൻസ് ഹോസ്റ്റലിൽ സെറ്രിട്ടാണ് കോടതി രംഗങ്ങൾ ചിത്രീകരിച്ചത്.ജീത്തു സാറിനുവേണ്ടിയാണ് അടുത്ത എഴുത്തും. അതൊരു യഥാർത്ഥ ജീവിത കഥയാണ്. ഒറ്റയ്ക്കാണ് എഴുത്ത്.