idiyappam

മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനികളിൽ ഒന്നാണ് ഇടിയപ്പം. നല്ല തൂവെള്ള നിറത്തിൽ പൂപോലെ മൃദുലമായ വിഭവമാണെങ്കിലും ഇത് ഉണ്ടാക്കിയെടുക്കാൻ കുറച്ച് കഷ്ടപ്പാടുണ്ട്. കൃത്യമായ അളവിന് ചേരുവകൾ ചേർത്തില്ലെങ്കിൽ കട്ടിയായി പോവുകയും ചെയ്തതെല്ലാം പാഴാവുകയും ചെയ്യും. എന്നാലിനി ഈ ടെൻഷനൊന്നുമില്ലാതെ തന്നെ നല്ല സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കാം.

ആദ്യം രണ്ട് കപ്പ് മാവ് എടുക്കണം. ഇടിയപ്പത്തിന് നന്നായി പൊടിച്ചുവറുത്ത മാവാണ് വേണ്ടത്. അടുത്തതായി നാല് കപ്പ് വെള്ളം ഉപ്പ് ചേർത്ത് തിളപ്പിക്കാൻ വയ്ക്കണം. എത്ര കപ്പ് മാവ് എടുക്കുന്നോ അതിന് ഇരട്ടി അളവിലാണ് വെള്ളം എടുക്കേണ്ടത്. വെള്ളം തിളച്ച് തുടങ്ങുമ്പോൾ മാവ് അതിലേയ്ക്ക് ചേർത്ത് ചെറുതീയിൽ ഇളക്കിയെടുക്കണം. ശേഷം മാവ് തണുക്കാൻ വയ്ക്കണം. ഇങ്ങനെ വയ്ക്കുമ്പോൾ അൽപ്പം എണ്ണയോ നെയ്യോ ചേർക്കുന്നത് നല്ലതായിരിക്കും.

മാവ് തണുത്തുകഴിയുമ്പോൾ കൈയിൽ അൽപ്പം എണ്ണ തടവി കുഴയ്ക്കണം. അടുത്തതായി കുക്കറിൽ അൽപ്പം വെള്ളം എടുത്ത് ആവി കയറാൻ വയ്ക്കണം. ശേഷം കുഴച്ചുവച്ച മാവ് സേവനാഴിയിൽ നിറച്ച് എണ്ണതടവിയ പാത്രത്തിലേയ്ക്ക് കറക്കി ഒഴിക്കണം. ഇനി അടച്ചുവച്ച് ആവി പുറത്തേയ്ക്ക് വരുന്നതുവരെ വേവിക്കണം. നല്ല പ‌ഞ്ഞിപോലെ മൃദുലമായ ഇടിയപ്പം റെഡി.