
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോ. റുവൈസിനെ കോടതി കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് മെഡിക്കൽ കോളേജ് പൊലീസ് റുവൈസിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. വഞ്ചിയൂർ അഡീഷണൽ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്.
ഷഹനയുടെ മരണത്തിൽ കഴിഞ്ഞ വെളളിയാഴ്ചയാണ് റൂവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വഞ്ചിയൂർ കോടതിയിൽ നൽകിയ പ്രതിയുടെ ജാമ്യഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം റുവൈസുമായി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.പ്രതിയുടെ കുടുംബം ഒളിവിലാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ബന്ധുവീടുകളിൽ പരിശോധന നടത്തിയെങ്കിലും റുവൈസിന്റെ പിതാവിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
റുവൈസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും സെഷൻസ് കോടതിയാണ് വിചാരണ നടത്തേണ്ടതെന്നും വഞ്ചിയൂർ കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ കസ്റ്റഡി തേടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
150 പവൻ സ്വർണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണ് ഷഹനയുമായി പ്രണയത്തിലായിരുന്ന റുവൈസിന്റെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും നൽകാനില്ലെന്നും 50 ലക്ഷം രൂപയും 50 പവൻ സ്വർണവും കാറും നൽകാമെന്നും ഷഹനയുടെ കുടുംബം അറിയിച്ചെങ്കിലും റുവൈസിന്റെ വീട്ടുകാർ വഴങ്ങിയില്ല. കുടുംബത്തിന്റെ തീരുമാനത്തെ എതിർക്കാൻ സാധിക്കില്ലെന്ന് റുവൈസും വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹന ജീവനൊടുക്കുകയായിരുന്നു.