pakisthan

ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷനിൽ ചാവേർ സ്ഫോടനത്തിൽ 23 മരണം. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അഫ്ഗാൻ അതിർത്തിക്കടുത്തെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലെ ദരാബൻ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഇവിടം പാകിസ്ഥാൻ സൈന്യം ബേസ് ക്യാമ്പായി ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്.

സ്റ്റേഷന്റെ സുരക്ഷാ കോമ്പൗണ്ടിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ആറോളം ട്രക്കുകൾ ഇരച്ചുകയറ്റുകയായിരുന്നു. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള തെഹ്‍രീകെ ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. സംഭവത്തിൽ പാകിസ്ഥാൻ സൈന്യം പ്രതികരിച്ചിട്ടില്ല. അക്രമികളെ എല്ലാം വധിച്ചതായി സുരക്ഷസേന അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു.

2021ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത് മുതൽ അതിർത്തിമേഖലകളിൽ ആക്രമണം വർദ്ധിക്കുകയാണ്. തെഹ്‍രീകെ താലിബാൻ ആണ് പാകിസ്ഥാന് ഭീഷണി ഉയർത്തുന്ന പ്രധാന സംഘടന. ജനുവരിയിൽ പെഷവാറിന്റെ വടക്കുപടിഞ്ഞാറൻ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ 80ലേറെ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നിലും തെഹ്‍രീകെ താലിബാൻ ആയിരുന്നു.