
പെഷവാർ: പാകിസ്ഥാൻ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ ചൊവ്വാഴ്ച അതിരാവിലെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (പാകിസ്ഥാനി താലിബാൻ) ഏറ്റെടത്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ആക്രമണമുണ്ടായത്.
സൈനിക കേന്ദ്രത്തിൽ എല്ലാവരും ഉറങ്ങുന്ന സമയത്താണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സാധാരണ വേഷമാണ് ധരിച്ചത്. അതുകൊണ്ട് സൈനികരാണോ കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സ്‌ഫോടനത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു.
കെട്ടിടത്തിലെ മൂന്ന് മുറികൾ പൂർണമായും തകർന്നിട്ടുണ്ട്. മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നത് തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. സംഭവത്തിൽ പ്രതികരിച്ച് പാക് സൈന്യം ഇതുവരെ രംഗത്തെത്തിയിട്ടില്ല. അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലയായ ഇവിടെ ഇത്തരം സ്‌ഫോടനങ്ങൾ പതിവാണ്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം തുടർക്കഥയാകുന്നത്.
പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ളിക്‌ട് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കനുസരിച്ച് 2023 ന്റെ ആദ്യ പകുതിയിൽ ആക്രമണങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 80 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021ൽ ആണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നത്. ഇതിന് ശേഷം പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചെന്ന് പാക് കാവൽ പ്രധാനമന്ത്രി അൻവാർ ഉൾ ഹഖ് കക്കർ പറഞ്ഞിരുന്നു.
താലിബാൻ അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിസ്ഥാനിൽ ദീർഘകാല സമാധാനം ഉണ്ടാകുമെന്ന് തങ്ങൾക്ക് ശക്തമായ പ്രതീക്ഷയുണ്ടായിരുന്നു. തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (പാകിസ്ഥാനി താലിബാൻ) അടക്കമുള്ള ഗ്രൂപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പാകിസ്ഥാനെതിരെ ആക്രമണം നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അവരെ അനുവദിക്കില്ലെന്നും കരുതി. നിർഭാഗ്യവശാൽ, പാകിസ്ഥാനിൽ തീവ്രവാദ സംഭവങ്ങളിൽ 60 ശതമാനം വർദ്ധനവും ചാവേർ ആക്രമണങ്ങളിൽ 500 ശതമാനം വർദ്ധനവുമാണുണ്ടായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2,267 നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. അഫ്ഗാൻ മണ്ണിൽ നിന്ന് പാകിസ്ഥാനി താലിബാൻ ഭീകരർ തങ്ങളുടെ രാജ്യത്തേക്ക് ആക്രമണം നടത്തുകയാണെന്നും കക്കർ പറഞ്ഞിരുന്നു.
തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ
പാകിസ്ഥാൻ ചെല്ലും ചെലവും കൊടുത്ത് വളർത്തിയ ഭീകര സംഘമാണ് തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ. അഫ്ഗാൻ താലിബാന് സമാനമായ പ്രത്യയശാസ്ത്രമാണ് തെഹ്രീകെ താലിബാനും പിന്തുടരുന്നത്. ചില കാര്യങ്ങളിൽ മാത്രമാണ് വ്യത്യസ്തത.
2007ൽ ബൈത്തുള്ള മെഹ്സൂദെയാണ് തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ രൂപീകരിച്ചത്. അതിന്റെ ഇപ്പോഴത്തെ നേതാവ് നൂർ വാലി മെഹ്സൂദാണ് അഫ്ഗാൻ താലിബാനോടുള്ള പരസ്യമായി കൂറ് വ്യക്തമാക്കിയത്. എന്നാൽ രണ്ട് ഗ്രൂപ്പുകൾക്കും വെവ്വേറെ പ്രവർത്തനങ്ങളും കമാൻഡ് ഘടനകളും ഉണ്ട്.
പാകിസ്ഥാനിലെ മിക്ക താലിബാൻ ഗ്രൂപ്പുകളും തെഹ്രീക് ഇ താലിബാൻ പാകിസ്ഥാന്റെ കീഴിലാണ് ഒത്തുചേരുന്നത്. ഇവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനം പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ ചെറുത്തുനിൽപ്പും രാജ്യത്ത് ശരി അത്ത് നിയമം നടപ്പാക്കലുമാണ്. പാകിസ്ഥാൻ സായുധ സേനയ്ക്കും ഭരണകൂടത്തിനുമെതിരെ ഭീകരാക്രമണം നടത്തി പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുക എന്നതാണ് തെഹ്രീക് ഇ താലിബാന്റെ ഏറ്റവും പ്രധാന ലക്ഷ്യം.