
തിരുവനന്തപുരം:ഇന്ത്യൻ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തതോടെ ഇന്ത്യക്കാരെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യം തുടങ്ങിയതായി ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഇതിനായി നാല് പൈലറ്റുമാരെ തിരഞ്ഞെടുത്തു. ബംഗളൂരുവിലെ ആസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റി (എടിഎഫ്) യിൽ പരിശീലനത്തിലാണ് ഇവർ. 2040ൽ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഒരു ഇയർബുക്കിൽ എഴുതിയ ലേഖനത്തിൽ വെളിപ്പെടുത്തി.
റേഷൻ വ്യാപാരികളുടെ കമ്മിഷൻ ഇന്നു മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ ഒക്ടോബറിലെ കമ്മിഷൻ ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നവംബറിലെ കമ്മിഷനും കുടിശ്ശികയാണ്.
ക്രിസ്മസിനു മുൻപ് റേഷൻ വ്യാപാരികളുട വേതന കുടിശ്ശിക പൂർണ്ണമായും നൽകണമെന്ന് ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കെ.എസ്.എഫ്.ഇക്ക് വിവരാവകാശ കമ്മിഷന്റെ നോട്ടീസ്
തിരുവനന്തപുരം: വ്യക്തിഗത വായ്പയ്ക്കായി നൽകിയ അപേക്ഷയുടെ പകർപ്പ് നൽകാത്തതിന് കെ.എസ്.എഫ്.ഇക്ക് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നോട്ടീസ്. ആലപ്പുഴ സ്വദേശി സുശീല നൽകിയ പരാതിയിലാണ് നടപടി.
2019ൽ പരാതിക്കാരിയുടെ ഭർത്താവ് കെ.എസ്.എഫ്.ഇയിൽനിന്ന് 1.50 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഭർത്താവ് മരിച്ചതിനെത്തുടർന്ന് വായ്പയുടെ കുടിശിക പൂർണമായി പരാതിക്കാരി അടച്ചുതീർത്തു. പിന്നീട് വായ്പയ്ക്കുവേണ്ടി നൽകിയ അപേക്ഷയുടെ പകർപ്പ് കോടതിയിൽ ഹാജരാക്കേണ്ട ആവശ്യമുണ്ടായപ്പോൾ കെ.എസ്.എഫ്.ഇ ആലപ്പുഴ ബ്രാഞ്ച് ഓഫീസിലെ വിവരാവകാശ ഓഫീസർക്ക് അപേക്ഷ നൽകി. എന്നാൽ വായ്പയുടെ അപേക്ഷ തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുപോയി എന്ന മറുപടിയാണ് വിവരാവകാശ ഓഫീസർ നൽകിയത്. ഇതോടെ പരാതിക്കാരി സംസ്ഥാന വിവരാവകാശ കമ്മിഷന് പരാതി നൽകുകയായിരുന്നു.
പരാതിയും മറ്റനുബന്ധ രേഖകളും വിശദമായി പരിശോധിച്ച വിവരാവകാശ കമ്മിഷൻ വിവരാവകാശ ഓഫീസറുടെ വാദം അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് നിരീക്ഷിച്ചു. തുടർന്ന് പരാതിക്കാരി ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീം ഉത്തരവിടുകയായിരുന്നു.