
ഭക്ഷണക്രമത്തിലുളള വ്യത്യാസവും ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങളും നമ്മുടെ ആരോഗ്യത്തെ നന്നായി ബാധിക്കാറുണ്ട്. മുഖകാന്തി നഷ്ടപ്പെടാനുളള കാരണവും മുകളിൽ പറഞ്ഞവയായിരിക്കാം. യാതൊരു പാടുമില്ലാത്ത തിളങ്ങുന്ന മുഖം സ്വന്തമാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇതിനായി ചെലവഴിക്കുന്ന പണത്തിനും ഒരു കണക്കും ഉണ്ടാകില്ല. മാർക്കറ്റുകളിലുളള ഒട്ടുമിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും പല തരത്തിലുളള കെമിക്കലുകളും ഉണ്ടാകാം. ഇവയൊക്കെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും.
എന്നാൽ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ തക്കാളിയുപയോഗിച്ച് മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം.തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റീഓക്സിഡന്റുകൾ ധാരാളമാണ്. ഇത് ചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും.ഇതിൽ പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുഖത്തെ കാര, മുഖക്കുരു വരുന്നത് എന്നിവ തടയാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് തക്കാളി നമുക്ക് ഉപയോഗിക്കാം.
ചെയ്യേണ്ട വിധം
നന്നായി കഴുകിയെടുത്ത തക്കാളി ആദ്യം രണ്ടായി മുറിക്കുക. ശേഷം മുറിച്ച ഭാഗത്ത് അൽപം പഞ്ചസാര തരികൾ ചേർക്കുക. എന്നിട്ട് മുഖത്ത് നന്നായി പുരട്ടുക (സ്‌ക്രബ്) . മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിന് ശേഷം മുഖം ചെറുചൂടുളള വെളളത്തിൽ കഴുകുക. ഇതിലൂടെ മുഖത്തുളള കാര പോകും.
മുറിച്ചുവച്ചിരിക്കുന്ന തക്കാളിയിലേക്ക് ആവശ്യത്തിന് കാപ്പിപൊടി ചേർക്കുക. ശേഷം മുൻപ് ചെയ്തതുപോലെ മുഖത്ത് നന്നായി പുരട്ടികൊടുക്കുക. ഇതിലൂടെ കറുത്ത പാടുകൾ നീക്കം ചെയ്യാനും മുഖകാന്തി വർദ്ധിപ്പിക്കാനും സാധിക്കും.
മുറിച്ചുവച്ചിരിക്കുന്ന തക്കാളിയിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി ചേർക്കുക. പാചകത്തിനുപയോഗിക്കുന്ന മഞ്ഞൾപ്പൊടി ഉപയോഗിക്കരുത്. ആയുർവേദ കടകളിൽ നിന്നുലഭിക്കുന്ന മഞ്ഞളാണ് ഉത്തമം.ഇത് മുഖത്ത് പുരട്ടികൊടുക്കുക. ഇതിലൂടെ മുഖക്കുരു നീക്കം ചെയ്യാൻ സാധിക്കും. ഈ മൂന്ന് മാർഗങ്ങളും ആഴ്ചയിൽ ഒരു തവണയെങ്കിലും ചെയ്യുന്നത് മുഖത്തിന് നല്ലതായിരിക്കും.