
തിരുവനന്തപുരം: ആറുമാസമായി പണം നൽകുന്നില്ല, സർക്കാർ വാഹനങ്ങൾക്ക് ഇനി ഇന്ധനം നൽകില്ലെന്ന് പമ്പുടമകൾ. സർക്കാർ വാഹനങ്ങൾക്കും സർക്കാർ കരാറുകാർക്കും ഇന്ധനം നൽകിയ വകയിൽ ലക്ഷങ്ങളാണ് പല പമ്പുടമകൾക്കും കുടിശികയുള്ളത്. ഇത് നൽകാത്ത പക്ഷം ഇന്ധനം നൽകില്ലെന്നാണ് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കുന്നത്.
ഓരോ പമ്പിനും അഞ്ചുലക്ഷം മുതൽ 25 ലക്ഷം രൂപവരെയാണ് കിട്ടാനുള്ളതെന്ന് ഉടമകൾ പറയുന്നു. സർക്കാർ കരാറുകാർക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശികയുണ്ട്. ജനുവരി ഒന്ന് മുതൽ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്താനാണ് തീരുമാനം. ഇതോടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ കൂടുതൽ സമ്മർദ്ദത്തിലാവും.
സാധാരണഗതിയിൽ ഇന്ധനം അടിച്ചതിന് പണം നൽകാൻ 15 ദിവസം മുതൽ 30 ദിവസംവരെ സാവകാശം നൽകാറുണ്ട്. എന്നാലിത് ആറുമാസമായതോടെ പമ്പുകൾ കടുത്ത നിലപാട് സ്വീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ ബഹിഷ്‌കരണം പൊലീസ് വാഹനങ്ങളെ ബാധിക്കില്ലെന്ന് പമ്പുടമകൾ വ്യക്തമാക്കി.
നാലും അഞ്ചും മാസങ്ങൾവരെ കുടിശിക വന്നതിനാലാണ് കടുത്ത നിലപാടിലേയ്ക്ക് പോകേണ്ടി വന്നത്. അസോസിയേഷൻ മുഖേനെ ചർച്ചകൾ നടത്തിയപ്പോൾ ഫണ്ട് അനുവദിച്ച് കിട്ടിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. ഇനി കുടിശിക തീർത്തതിന് ശേഷം മാത്രമേ ഇന്ധനം നൽകുകയുള്ളൂ. നിലവിലെ കുടിശിക തീർത്തില്ലെങ്കിൽ ജനുവരി ഒന്നുമുതൽ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല. കേരളം മുഴുവൻ ഈ തീരുമാനം നടപ്പിലാക്കുമെന്നും ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കി.