rajani

ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 73-ാം ജന്മദിനം ആഘോഷിച്ച് സിനിമാലോകം. അമിതാഭ് ബച്ചൻ,​ കമലഹാസൻ,​ ഋത്വിക് റോഷൻ,​ ജൂനിയർ എൻ.ടി.ആർ,​ ഖുശ്ബു തുടങ്ങി സിനിമാ ലോകത്തെ പ്രമുഖർ ഒന്നടങ്കം അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം.

പ്രിയ സുഹൃത്ത് സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. എന്നും വിജയിച്ചുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹക്കുന്നെന്നാണ് കമലഹാസൻ എക്സിൽ കുറിച്ചത്.

നടനും മകൾ ഐശ്വര്യയുടെ മുൻ ഭർത്താവുമായ ധനുഷ് ജന്മദിനാശംസകൾ തലൈവ എന്ന് എക്സിൽ കുറിച്ചു. മിഷോംഗ് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴക്കെടുതികളാൽ ദുരിതമനുഭവിക്കുന്ന സമയമായതിനാൽ ഫാൻസ് അസോസിയേഷനുകൾ ആഘോഷപരിപാടികൾ കുറച്ചിരുന്നു. 'തലൈവർ 170" ആണ് രജനീകാന്തിന്റെ അടുത്ത ചിത്രം. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാമും ഉടൻ റിലീസ് ചെയ്യും.

1950 ഡിസംബർ‌ 12ന് ബംഗളൂരുവിലാണ് ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന രജനീകാന്തിന്റെ ജനനം. 1975ൽ പുറത്തിറങ്ങിയ 'അപൂർവരാഗങ്ങൾ" എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.