
വിൻസി അലോഷ്യസ് പുതിയ യാത്രയിൽ. മികച്ച നടി എന്ന സംസ്ഥാന അംഗീകാരവും പേര് മാറ്റവും കൂടെ കൂടിയ വർഷം പടിയിറങ്ങുകയാണ്. രേഖ തന്ന പ്രശസ്തിയും ഫേസ് ഒഫ് ഫെയ്സ് ലെസ്, പഴഞ്ചൻ പ്രണയം എന്നീ ചിത്രങ്ങളിൽ നടത്തിയ പകർന്നാട്ടങ്ങൾ ശക്തി പകരുന്നു. ചിരിപ്പിക്കുന്ന അടിപൊളി കഥാപാത്രവുമായി പുതുവർഷാരംഭത്തിൽ എത്തുന്നതിന്റെ ആഹ്ളാദത്തിലാണ് വിൻസി. അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങളാണ് വിൻസിയുടെ പുതിയ റിലീസ്. ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ് എന്നിവരോടൊപ്പമാണ് അഭിനയം. സിനിമയിലെ പുതിയ വിശേഷങ്ങൾ വിൻസി പങ്കുവയ്ക്കുന്നു.
മാരിവില്ലിൻ ഗോപുരങ്ങളിലെ പാട്ടുകൾ ഹിറ്റായി മാറുമ്പോൾ സിനിമയും കഥാപാത്രവും എങ്ങനെയാണ് വിൻസിക്ക് പ്രത്യേകത നിറഞ്ഞതാകുന്നത് ?
പുതുവർഷത്തിൽ എന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഇതുവരെ ചെയ്തതിൽ വച്ച് വേറിട്ട വേഷമെന്ന രീതിയിൽ ഒരുപാട് പ്രാധാന്യമുള്ളതാണ് കഥാപാത്രം. ഹാസ്യ കഥാപാത്രമായത് കൊണ്ട് തന്നെ പ്രേക്ഷകർ സിനിമയെ എത്രത്തോളം സ്വീകരിക്കും എന്നറിയാൻആകാംക്ഷയുണ്ട്. നാല് ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. നല്ലയൊരു വിഷയമാണ്. കഥാപാത്രത്തിന്റെ ലുക്കിലും ഹാസ്യത്തിന്റെ അവതരണ രീതിയിലും എത്രമാത്രം പുതുമ പ്രേക്ഷകരിലേക്ക് കൊണ്ടുവരാൻ കഴിയും എന്നതിന്റെ ഉത്തരം എന്ന നിലയിലാണ് ഈ സിനിമയുടെ ഭാഗമാകുന്നത്.
ജീവിതത്തിൽ സിനിമ എന്ത് മാറ്റമാണ് വരുത്തിയത് ?
പല സിനിമകൾ ചെയ്യുമ്പോഴും പല തരം അറിവ് ലഭിക്കുന്നു. നമ്മൾ സഞ്ചരിക്കുന്നത് പല കഥാപാത്രങ്ങളിലൂടെ ആണല്ലോ. അവർക്ക് പല ജീവിതരീതികളും. അങ്ങനെ നോക്കുമ്പോൾ ഓരോ ജീവിതാനുഭവങ്ങളും പല കാഴ്ചപ്പാടുകളും തരുന്നു. ജീവിതത്തിൽ സിനിമ വലിയ പ്രശസ്തി തന്നു.ഏറെ ആഗ്രഹിച്ച മേഖലയിൽ എത്താൻ കഴിഞ്ഞു.നല്ല സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു.മികച്ച നടി എന്ന അംഗീകാരം. ആളുകൾ തിരിച്ചറിയുന്നു. ഇതെല്ലാം സിനിമയിൽ വന്നശേഷം ഉണ്ടായ മാറ്റമാണ്. ആളുകളുടെ സ്നേഹ വും ഇഷ്ടവും ലഭിക്കുന്നു. എല്ലാം ഭാഗ്യമായി കരുതുന്നു.
സംസ്ഥാന അവാർഡിന് മുൻപും ശേഷവും എങ്ങനെ വിലയിരുത്തുന്നു?
അവാർഡ് കിട്ടിയതിന് ശേഷവും അതിന് മുമ്പും എനിക്ക് വലിയ മാറ്റം ഒന്നുമില്ല. എങ്ങനെ ആണോ മുൻപ് സിനിമയെ സമീപിച്ചിരുന്നത് അതുപോലെ തന്നെയാണ് മുന്നോട്ട് പോകുന്നത്. മറ്റുള്ളവർ നമ്മളെ സമീപിക്കുന്ന രീതി മാറിയോ എന്നാണ് എന്റെ സംശയം. ഇനി നായികയല്ലാത്ത കഥാപാത്രങ്ങൾ ചെയ്യുമോ എന്ന സംശയം അവർക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഇപ്പോൾ വരുന്ന കഥകൾ നായിക കഥാപാത്രം അവതരിപ്പിക്കാനാണ്. എല്ലാത്തരം വേഷങ്ങളും ചെയ്യാനാണ് ആഗ്രഹം.
ഫേസ് ഒഫ് ഫെയ്സ്ലെസിൽ കന്യാസ്ത്രീയാകാൻ എന്തൊക്കെയായിരുന്നു തയാറെടുപ്പ് ?
ഭാഷ പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലൊക്കേഷനിൽ ഭാഷ പഠിപ്പിക്കാൻ ആളുകൾ ഉണ്ടായിരുന്നു. ഭാഷയും ശൈലിയും തെറ്റാതെ പറയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പിന്നെ ആ കാലാവസ്ഥയോട് പൊരുത്തപ്പെട്ട് പോകുക എന്നതും കുറച്ച് ബുദ്ധിമുട്ടായിരുന്നു. നല്ല വെയിലും, കഠിനമായ ചൂടുള്ള കൊട്ടൻവാഡി എന്ന ട്രൈബൽ പ്രദേശത്ത് ആയിരുന്നു ഷൂട്ട്. ടോയ്ലറ്റ് സംവിധാനം അധികം ഇല്ലായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം മാറുകയും ചെയ്തു.
എന്തൊക്കെയാണ് പുതിയ പ്രതീക്ഷകൾ ?
പ്രതീക്ഷകൾ ആണ് മുന്നോട്ട് നയിക്കുന്നത്. സിനിമയിൽ തന്നെ എത്തുമെന്ന്പ്രതീക്ഷ ഉണ്ടായിരുന്നു. അതു സംഭവിച്ചു. അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.നല്ല സിനിമയുടെ ഭാഗമാവാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്റെ സിനിമകൾ വരുമ്പോൾ വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ടാവാറുണ്ട്. എല്ലാ ആളുകളും പ്രതീക്ഷയോടെയാണ് മുൻപോട്ടു പോവുന്നത്. പുതുവർഷത്തിൽ പുതിയ സിനിമകൾ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.എല്ലാവർക്കുംനല്ല ഒരു പുതുവർഷം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
പേര് മാറ്റിയ ശേഷം വിൻ സി എന്നു വിളിക്കുന്നവരുണ്ടോ?
തീർച്ചയായും. അങ്ങനെ വിളിക്കുന്നവരുണ്ട്. എല്ലാവരും അങ്ങനെ വിളിക്കുന്നു എന്നല്ല. അത് അറിഞ്ഞവർ നല്ല രീതിയിൽ കണ്ട് അങ്ങനെ വിളിക്കാറുണ്ട്.ഞാൻ അത് ആസ്വദിക്കുന്നു. എപ്പോഴും വിൻ ആകാനാണ് ആഗ്രഹം. എല്ലാവരും വിൻ സി എന്ന് വിളിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്.