dr-biju

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് (കെഎസ്എഫ്ഡിസി) അംഗത്വം രാജിവച്ച് സംവിധായകൻ ഡോ. ബിജു. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. തൊഴിൽപരമായ പ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഡോ. ബിജു അറിയിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് ഡോ ബിജുവിനെ പരിഹസിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയായിരുന്നു.

തീയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ ബിജുവിനൊക്കെ എന്ത് ലൈസൻസാണുള്ളത് എന്നാണ് രഞ്ജിത്ത് അഭിമുഖത്തിൽ പറഞ്ഞത്. ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ തീയേറ്റർ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിന്റെ പരിഹാസം.

എന്നാൽ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജു പ്രതികരിച്ചത്. തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ലെന്ന് ഡോ. ബിജു പറഞ്ഞു.

'കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ പറ്റിയും . തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല. ഒന്ന് രണ്ടു കാര്യം മാത്രം സൂചിപ്പിക്കാം . നെറ്റ്ഫ്ളിക്സ് ഉയർന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമ'

'ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ധാരാളം ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന, വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കൾ ചെയർമാൻ ആയ മേളയിൽ താങ്കളുടെ സുഹൃത്തിനെ വച്ച് സിനിമകൾ തിരഞ്ഞെടുത്തപ്പോൾ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തിൽ ഇടം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രം ഫെസ്റ്റിവൽ കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ എന്നോട് അനുമതി ചോദിച്ചു പ്രദർശിപ്പിക്കുകയും ചെയ്തതാണ് എന്റെ സിനിമ.

'ആദ്യ പ്രദർശനത്തിന് അഭൂത പൂർവമായ തിരക്കും ആയിരുന്നു ഐഎഫ്എഫ്‌കെയിൽ. രണ്ടാമത്തെ പ്രദർശനം നാളെ നടക്കുമ്പോൾ അതും റിസർവേഷൻ ആദ്യത്തെ അഞ്ചു മിനിറ്റിൽ ഫുൾ ആയതുമാണ്. അതൊന്നും താങ്കൾ അറിഞ്ഞിട്ടുണ്ടാവില്ല . അത്തരത്തിൽ ഐഎഫ്എഫ്‌കെയിൽ ഡെലിഗേറ്റുകൾ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താൻ താങ്കൾ ആളായിട്ടില്ല'- ഡോ. ബിജു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചു.