bjp

ജയ്പൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ രാജസ്ഥാൻ മുഖ്യമന്ത്രി ആരാണെന്ന സർപ്രൈസ് അവസാനിപ്പിച്ച് ബിജെപി. മുൻ മുഖ്യമന്ത്രി വസുന്ധര രാജയെയും മറ്റ് മുതിർന്ന നേതാക്കളെയും ഒഴിവാക്കി ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. ബ്രാഹ്മണ വിഭാഗത്തിലുള്ള ഭജൻലാൽ ശർമ്മ സംഗനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ആദ്യമായാണ് ഭജൻലാൽ ശർമ്മ എംഎൽഎയാകുന്നത്. ഛത്തീസ്ഗഡിലും മദ്ധ്യപ്രദേശിലും ബിജെപി മുഖ്യമന്ത്രി കസേരയിൽ പുതുമുഖങ്ങളെ നിയോഗിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും പാർട്ടിയുടെ സർപ്രൈസ്.

കോൺഗ്രസ് സ്ഥാനാർത്ഥി പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭജൻലാൽ ശർമ്മ തന്റെ ആദ്യ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്. ദിയ കുമാരിയും പ്രേംചന്ദ് ബൈർവയുമാണ് ഉപമുഖ്യമന്ത്രിമാർ. ദിയാ കുമാരി രജപുത്ര വിഭാഗത്തിൽപ്പെട്ടയാളാണ്. പ്രേംചന്ദ് ബൈർവ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ്. ജയ്പൂരിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകൻ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിക്കുകയായിരുന്നു.