
പൂനെ: ആൺകുഞ്ഞില്ലാത്തതിന്റെ പേരിൽ നിരന്തരമായി പീഡിപ്പിച്ച ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ. സംഭവത്തിൽ ഏഴു കുട്ടികളുടെ അമ്മയായ 35കാരിയെ പൊലീസ് അറസ്റ്റുചെയ്‌തു. രണ്ടു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ സംഘത്തെയും പിടികൂടി.
കഴിഞ്ഞ ആഴ്‌ചയായിരുന്നു സംഭവം. ഇവരുടെ മൂത്ത മകൾ നൽകിയ പരാതിയിലാണ് അറസ്റ്ര്.
ഡിസംബർ ഏഴിന് രാത്രി അമ്മയും അനിയത്തിയുമായി പുറത്തുപോയിരുന്ന സമയത്ത് രണ്ടുപേർ അച്ഛനെ തേടി വന്നതായി പരാതിയിൽ പറയുന്നു. അച്ഛൻ ഉറങ്ങുകയാണെന്നു പറഞ്ഞപ്പോൾ അവർ മടങ്ങിപ്പോയി. അര മണിക്കൂറിന് ശേഷം അച്ഛന്റെ നിലവിളി കേട്ടു. ഓടിയെത്തിയപ്പോൾ രണ്ടുപേർ മാരകമായി ആക്രമിക്കുന്നത് കണ്ടു. തടയാൻ ശ്രമിച്ചപ്പോൾ അടിക്കുകയും അച്ഛനെ മാരകമായി മുറിവേല്പിക്കുകയും ചെയ്‌ത ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. കൈയ്യിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരാതിയിൽ വീട്ടിലുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിച്ചത്.
ആൺകുട്ടികളില്ലാത്തതിന്റെ പേരിൽ ഭർത്താവ് നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനും ആഗ്രഹിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒരിക്കൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ക്വട്ടേഷൻ നൽകുകയായിരുന്നു.