
വാഷിംഗ്ടൺ: ഇസ്രയേലിനെതിരെ ആദ്യമായി വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. ഇസ്രയേലിന്റെ ക്രൂരമായ ആക്രമണം ലോകത്തിന്റെ പിന്തുണ ഇല്ലാതാക്കുന്നെന്നും ഗാസയിൽ നടത്തുന്നത് വകതിരിവില്ലാത്ത ബോംബാക്രമണമാണെന്നും ബൈഡൻ പറഞ്ഞു. വാഷിംഗ്ടണിലെ ഫണ്ട് റൈസിംഗ് പരിപാടിയിലാണ് ബൈഡന്റെ രൂക്ഷ വിമർശനം.
അതേസമയം, വെടിനിറുത്തിയില്ലെങ്കിൽ ബന്ദികളെ കൊല്ലുമെന്ന ഹമാസ് മുന്നറിയിപ്പിനിടെയിലും ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ യു.എൻ ജനറൽ അസംബ്ലി മാനുഷിക വെടിനിറുത്തൽ ആവശ്യപ്പെടുന്ന നോൺ- ബൈൻഡിംഗ് പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തി. വോട്ടെടുപ്പിൽ നിന്ന് ബ്രിട്ടൻ വിട്ടുനിന്നു. മറ്റ് 13 അംഗങ്ങളും വെടിനിറുത്തൽ ആഹ്വാനത്തെ പിന്തുണച്ചു.
തെക്കൻ ഗാസയിലെ റാഫയിൽ വീടുകൾക്ക് നേരെയുണ്ടായ ബോംബേറിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇതോടെ ഗാസയിലെ മരണനിരക്ക് 18,500 ആയി ഉയർന്നു. 1,147 പേരാണ് ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ഗാസയിൽ 207 പേർ മരിക്കുകയും 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സെൻട്രൽ, തെക്കൻ മേഖലകളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായി ഹമാസ് പറഞ്ഞു. വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചതായി പാലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം സൈനിക വാഹനത്തിനുനേരെ നടത്തിയ ആക്രമണത്തിലൂടെ 11 ഇസ്രയേൽ സൈനികരെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു.
ചൊവ്വാഴ്ച വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രയേൽ ആക്രമണത്തിൽ നാലു പാലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു.
റാഫ ഗേറ്റ്‌വേയിലൂടെ പാലസ്തീനിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി രണ്ട് അധിക ചെക്ക്‌പോസ്റ്റുകൾ കൂടി തുറക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിലെ ആശുപത്രികളിൽ നിലവിൽ 11 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ പറഞ്ഞു. ഇവ തകർക്കരുതെന്ന് ഇസ്രയേലിനോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.