
കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ നവംബറിൽ ഉപഭോക്തൃവില സൂചിക അധിഷ്ഠിതമായ നാണയപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നു. കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തിൽ ഇടിവുണ്ടായതാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്.
ഒക്ടോബറിൽ നാണയപ്പെരുപ്പം 4.8 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന ആറ് ശതമാനത്തിലും താഴെ നാണയപ്പെരുപ്പം തുടരുന്നതാണ് സർക്കാരിന് ആശ്വാസം പകരുന്നത്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തോത് നവംബറിൽ 8.74 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ വില അവലോകന കാലയളവിൽ 17.7 ശതമാനം വർദ്ധിച്ചു. ഇന്ധന വില സൂചിക 0.77 ശതമാനം താഴ്ന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ശക്തമായ വിപണി ഇടപെടലുകളാണ് നടത്തുന്നത്.
നാണയപ്പെരുപ്പം രണ്ടക്കത്തിലേക്ക് ഉയർന്നതോടെ കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം മുഖ്യ പലിശ നിരക്കായ റിപ്പോ റിസർവ് ബാങ്ക് 2.5 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ വിപണിയിലെ പണലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് ശമനമുണ്ടാക്കിയത്.
വ്യാവസായിക ഉത്പാദനത്തിൽ 11.7 ശതമാനം വർദ്ധന
കൊച്ചി: ഒക്ടോബറിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.7 ശതമാനം ഉയർന്നു. 16 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മുൻവർഷം ഇതേകാലയളവിൽ വ്യാവസായിക ഉത്പാദന സൂചിക 4.1 ശതമാനം ഇടിവ് നേരിട്ടിരുന്നു. മാനുഫാക്ചറിംഗ് മേഖലയിൽ ഉത്പാദനത്തിൽ 10.4 ശതമാനം വർദ്ധനയുണ്ടായി. ഖനന മേഖലയിലെ ഉത്പാദന 13.1 ശതമാനം ഉയർന്നു. വൈദ്യുതി ഉത്പാദനം 20.4 ശതമാനമാണ് ഉയർന്നത്.
ഭക്ഷ്യവിലക്കയറ്റം അതിരൂക്ഷം
അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി, പച്ചക്കറികൾ എന്നിവയുടെ വില അപകടകരമായി ഉയരുന്നതാണ് റിസർവ് ബാങ്കിനും സർക്കാരിനും തലവേദന സൃഷ്ടിക്കുന്നത്. ആഭ്യന്തര വിപണിയിൽ വിലക്കയറ്റം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. തക്കാളി, വെളുത്തുള്ളി, പാവൽ, ചേന, ക്യാരറ്റ് തുടങ്ങിയവയുടെ വില കുതിച്ചുയരുകയാണ്. ആഗോള വിപണിയിൽ പഞ്ചസാര വിലക്കയറ്റം കണക്കിലെടുത്ത് കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവയിൽ നിന്നും എത്തനോൾ ഉത്പാദിപ്പിക്കുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.