
ഭുവനേശ്വർ: ഒഡീഷയിലെ കോൺഗ്രസ് എം.പി ധീരജ് സാഹുവിൽ നിന്ന് 360 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി ഉള്ളപ്പോൾ ആർക്കാണ് മണി ഹെയ്സ്റ്റ് ഫിക്ഷൻ ആവശ്യമെന്നായിരുന്നു പരിഹാസം. 70 വർഷമായി കോൺഗ്രസ് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും മോദി എക്സിൽ കുറിച്ചു. മണി ഹെയ്സ്റ്റിന്റെ പശ്ചാത്തല സംഗീതം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ അവതരിപ്പിച്ചുകൊണ്ട് 'കോൺഗ്രസ് പ്രസൻസ് ദ മണി ഹെയ്സ്റ്ര്" എന്ന പേരിൽ ബി.ജെ.പി വീഡിയോയും പുറത്തിറക്കി. നെറ്റ്ഫ്ലിക്സിൽ ബാങ്ക് കൊള്ളയെ ആധാരമാക്കി പുറത്തിറങ്ങിയ ഒരു വെബ് സീരിസ് ആണ് മണി ഹെയ്സ്റ്റ്.
പ്രധാനമന്ത്രി ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് അവരുടെ അഴിമതി പുറത്തുവരുമെന്ന പേടി കൊണ്ടാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ധീരജ് സാഹുവിന്റെ വസതികളിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡിൽ 360 കോടി രൂപയാണ് പിടിച്ചെടുത്തത്. ധീരജ് ഇപ്പോഴും ഒളിവിലാണ്. എസ്.ബി.ഐ ബ്രാഞ്ചുകളിലെ 50 ഉദ്യോഗസ്ഥർ 40 നോട്ടെണ്ണൽ യന്ത്രങ്ങളുപയോഗിച്ച് ദിവസങ്ങളെടുത്താണ് 176 ബാഗുകളിലായുണ്ടായിരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തിയത്.