l

ജി. രാമൻ നായർ

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്

പരിചയസമ്പന്നരായ പൊലീസുകാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും അഭാവമാണ് ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണം പാളാൻ പ്രധാന കാരണം. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ എല്ലാ നിയന്ത്രണങ്ങളും പാളിയെങ്കിൽ നാൽപ്പത്തൊന്ന്, മകരവിളക്ക് തുടങ്ങി ലക്ഷങ്ങൾ എത്തുന്ന ദിവസങ്ങളിലെ തിക്കിലും തിരക്കിലും അപായമൊന്നും സംഭവിക്കാതിരിക്കാൻ അയ്യപ്പൻ കാക്കണമെന്നേ പറയാനുള്ളൂ.

എല്ലാ വർഷവും മണ്ഡലകാലം മുൻകൂട്ടി അറിയാവുന്നതിനാൽ മുപ്പതോളം ഏജൻസികളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് നടന്നിരുന്നത്. അതനുസരിച്ച് മുന്നൊരുക്കം നടത്തണം. ഇക്കുറി അതുണ്ടായില്ല. മണ്ഡലകാല ക്രമീകരണം വിലയിരുത്താനും പുതിയവ നടപ്പാക്കാനും പതിവുപോലെ നിരവധി യോഗങ്ങൾ നടന്നു. എന്നാൽ മീറ്റിംഗിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കാനായോ എന്നു സംശയമാണ്. പമ്പയിലും സന്നിധാനത്തും സൗജന്യ സേവനം നടത്തുന്ന നിരവധി സന്നദ്ധ സംഘടനകളുണ്ട്. കുടിവെള്ളം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ,​വിരിവയ്ക്കാനുള്ള സൗകര്യം തുടങ്ങിയവ സന്നദ്ധ സംഘടനകൾ ചെയ്തിരുന്നു. അതൊന്നും ഇപ്പോൾ പ്രയോജനപ്പെടുത്തുന്നില്ല.

2006-ൽ,​ ഞാൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് 110 ഏക്കർ ഭൂമി നിലയ്ക്കലിൽ വാങ്ങിയത്. പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് 12 ഹെക്ടർ വനഭൂമി ലഭ്യമാക്കി. ഇവ ശരിയായി വിനിയോഗിക്കാനോ കൂടുതൽ സ്ഥലം ലഭ്യമാക്കാനോ പിന്നീട് ശ്രമമുണ്ടായില്ല. തിരക്കിനനുസരിച്ച് ശ്വാസംമുട്ടാതെ നിൽക്കാൻ ആവശ്യമായ സ്ഥലത്തിന്റെ അപര്യാപ്തതത പ്രധാന പ്രശ്നമാണ്. തിരുപ്പതി മോഡൽ ശബരിമലയിൽ നടപ്പാക്കിയെന്ന് അധികൃതർ മേനിനടിക്കുകയാണ്. കയറ്റിറക്കമുള്ള സ്ഥലമല്ല തിരുപ്പതി. ആവശ്യത്തിനു വെള്ളം,​ വൃത്തിയുള്ള ടോയ്ലെറ്റുകൾ, വിശ്രമ സൗകര്യങ്ങൾ തുടങ്ങിയവ തിരുപ്പതിയിലുള്ളപ്പോൾ ശബരിമലയിൽ ക്യൂ കോംപ്ലക്സിൽ ഭക്തന്മാരെ കുത്തിനിറയ്ക്കുകയാണ്.

2000 ദിവസ വേതനക്കാരുണ്ട്. ഇവരെല്ലാം രാഷ്ടീയപ്രവർത്തകരാണ്. കൂലി വാങ്ങുന്നതിലല്ലാതെ ജോലി ചെയ്യുന്നതിൽ ആത്മാർത്ഥതയുള്ളവർ കുറവ്. മുൻകാലത്ത് അയ്യപ്പ സേവാസംഘം, അയ്യപ്പസമാജം തുടങ്ങിയ സംഘങ്ങളുടെ സൗജന്യ സേവനം ഭക്തജനങ്ങൾക്ക് ലഭിച്ചിരുന്നു. അയ്യപ്പസേവാ സംഘം വർഷങ്ങളായി മൂന്നുനേരം സൗജന്യ ഭക്ഷണം നൽകിയിരുന്നു . ഹോട്ടൽ ലോബിക്കു വേണ്ടി ദേവസ്വം ബോർഡ് സൗജന്യ ഭക്ഷണമടക്കമുള്ള സേവനം ഇല്ലാതാക്കി. ഹൈക്കോടതി പരാമർശം ഭയന്ന് ചില്ലറ മിനുക്കുപണികൾക്ക് അപ്പുറം ഒന്നും ചെയ്യുന്നില്ല. പണ്ട് ഒരു എക്സിക്യുട്ടീവ് ഓഫീസർ നല്ല നിലയിൽ കൈകാര്യം ചെയ്തിരുന്നത് നിരവധി ഉദ്യോഗസ്ഥരുടെ സംഘമായപ്പോൾ താറുമാറായി. പ്രതിബദ്ധതയുള്ള ജീവനക്കാർ കുറവാണ്. തീർത്ഥാടകരുടെ ബുദ്ധിമുട്ട് മനസിലാക്കി പ്രവർത്തിക്കുന്നതിനപ്പുറം തീർത്ഥാടനം തകരാറിലാക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് പറയേണ്ടി വരും.