
തിരുവനന്തപുരം: പേട്ടയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ് എഫ് ഐക്കാർക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ മൂന്നിടങ്ങളിലാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്.
അതേസമയം, സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറെ തടയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ഐ.പി.സി- 124 പ്രകാരം ഗുരുതര ക്രിമിനൽ കുറ്റമാണ്. ഏഴു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. രാഷ്ട്രപതി, ഗവർണർ എന്നിവരെ തടയാനോ ഉപദ്രവിക്കാനോ ആക്രമിക്കാനോ ശ്രമിക്കുന്നവർക്കെതിരെയാണ് ഈ വകുപ്പ് ചുമത്തുക. കണ്ണൂർ വാഴ്സിറ്റിയിൽ ഗവർണർക്കെതിരെ കൈയേറ്റമുണ്ടായപ്പോൾ ഈ വകുപ്പനുസരിച്ച് കേസെടുക്കാവുന്നതാണെന്ന് ഗവർണർ പറഞ്ഞിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.പി.സി 124 വകുപ്പും നിലനിൽക്കില്ലെന്ന് പൊലീസ് തീരുമാനിച്ചത്.
സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിനെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം നടത്തിയത്. ഇന്നലെ വൈകിട്ട് 5.30ന് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു. ഇത് കണ്ട് ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.