
തായ്ലാൻഡ്: 2023ൽ ലോകത്തിലെ ഏറ്റവും വലിയ ഓപ്പിയം ഉത്പാദക രാജ്യമായി മ്യാൻമർ. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച യു.എൻ റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് മ്യാൻമർ ഒന്നാമതെത്തിയത്. യു.എൻ ഡ്രഗ്‌സ് ആൻഡ് ക്രൈമിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം മ്യാൻമർ 1,080 മെട്രിക് ടൺ ഓപ്പിയമാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ താലിബാൻ പോപ്പി കൃഷി നിരോധിച്ചതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ ഓപ്പിയം ഉത്പാദനം 95 ശതമാനം ഇടിഞ്ഞ് ഏകദേശം 330 ടണ്ണിലെത്തിയിരുന്നു. അതിനുശേഷമാണ് ഈ കണക്കുകൾ പുറത്തുവന്നത്. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് എന്നിവയ്‌ക്കിടയിലുള്ള 'ഗോൾഡൻ ട്രയാംഗിൾ" അതിർത്തി പ്രദേശം വളരെക്കാലമായി അനധികൃത മയക്കുമരുന്ന് ഉത്പാദനത്തിന്റെയും കടത്തലിന്റെയും കേന്ദ്രമാണ്. കഴിഞ്ഞ വർഷം 790 മെട്രിക് ടൺ ഓപ്പിയമാണ് മ്യാൻമറിൽ ഉത്പാദിപ്പിച്ചത്.