
ഭുവനേശ്വർ: ഒഡീഷയിലെ കോൺഗ്രസ് എം പി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് 360 കോടി പിടിച്ചെടുത്ത സംഭവത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി ഉള്ളപ്പോൾ നിങ്ങൾക്കെന്തിനാണ് മണി ഹെയ്സ്റ്റ് ഫിക്ഷൻ എന്നായിരുന്നു പരിഹാസം.
70 വർഷമായി കോൺഗ്രസ് രാജ്യത്തെ കൊള്ളയടിക്കുന്നു. ഐതിഹാസികമായി ഇത്രയും കൊല്ലം രാജ്യത്തെ കൊള്ളയടിക്കുന്ന കോൺഗ്രസ് ഉള്ളപ്പോൾ ആർക്കാണ് മണി ഹെയ്സ്റ്റ് ഫിക്ഷന്റെ ആവശ്യമുള്ളതെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മണി ഹെയ്സ്റ്റിന്റെ പശ്ചാത്തല സംഗീതം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ അവതരിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രസൻസ് ദ മണി ഹെയ്സ്റ്റ് എന്ന പേരിൽ ബി.ജെ.പി വീഡിയോ പുറത്തിറക്കുകയും ചെയ്‌തു.
പ്രധാനമന്ത്രി ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലാകുന്നുണ്ടെന്നും അവരുടെ അഴിമതി പുറത്തുവരുമെന്ന പേടിയാണെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. ധീരജ് സാഹുവിന്റെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 360 കോടി രൂപയാണ് പിടിച്ചെടുത്തത്. ധീരജ് ഇപ്പോഴും ഒളിവിലാണ്. എസ്.ബി.ഐ ബ്രാഞ്ചുകളിലെ 50 ഉദ്യോഗസ്ഥർ 40 നോട്ടെണ്ണൽ യന്ത്രങ്ങളുപയോഗിച്ച് ദിവസങ്ങളെടുത്താണ് 176 ബാഗുകളിലായുണ്ടായിരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
In India, who needs 'Money Heist' fiction, when you have the Congress Party, whose heists are legendary for 70 years and counting! https://t.co/J70MCA5lcG
— Narendra Modi (@narendramodi) December 12, 2023