
തിരുവനന്തപുരം : ലുധിയാനയിൽ നടന്ന ദേശീയ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിലെ റണ്ണേഴ്സ് അപ്പ് കിരീടവുമായി മടക്കയാത്രയ്ക്ക് ട്രെയിനിൽ കയറിയ കേരള വനിതാ ടീമിനെ കാത്തിരുന്നത് നരകയാതന. ഒരാഴ്ചയോളം നീണ്ട ചാമ്പ്യൻഷിന്റെ ക്ഷീണവുമായി സ്ളീപ്പർ ക്ളാസിൽ യാത്രതിരിച്ച ടീമിന്റെ ബോഗിയിലേക്ക് ടിക്കറ്റെടുക്കാത്തവർ ഇരച്ചുകയറിയോടെയാണ് ഒരു രാത്രി മുഴുവൻ ഉറക്കം നഷ്ടപ്പെട്ട് പെൺകുട്ടികൾ ഭയചകിതരായി ഇരിക്കേണ്ടിവന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് അമൃത്സറിൽ നിന്ന് മുംബയ് സി.എസ്.ടിയിലേക്കുള്ള ട്രെയിനിലാണ് കേരള ബാസ്കറ്റ് ബാൾ അസോസിയേഷൻ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. 12 പേർക്കുള്ള ടിക്കറ്റും കൺഫേമായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ടിക്കറ്റ് എടുക്കാത്തവർ കൂട്ടമായി ഈ ബോഗിയിലേക്ക് കയറാൻ തുടങ്ങി. ഇത് നിയന്ത്രിക്കാൻ ട്രെയിനിൽ ടിക്കറ്റ് എക്സാമിനർമാരും ഉണ്ടായിരുന്നില്ല. റെയിൽവേ പൊലീസിനെ വിളിച്ചറിയിച്ചിട്ടും കാര്യമുണ്ടായില്ല. പരിശീലകർ എ.സി കോച്ചിലായതിനാൽ താരങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. പുരുഷന്മാരുടെ ആൾക്കൂട്ടം കേരളതാരങ്ങളുടെ സീറ്റുകൾ കയ്യേറി യാത്ര തുടങ്ങിയപ്പോൾ ഭയപ്പാടുകൊണ്ട് രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നു അവർ. ഇന്നലെ രാവിലെയോടെ തിരക്ക് കുറഞ്ഞപ്പോൾ ബോഗിയുടെ വാതിൽ കുറ്റിയിട്ടാണ് കേരള ടീം യാത്ര തുടങ്ങിയത്. ഇന്നലെ രാത്രിയോടെ മുംബയ്‌യിലെത്തിയ ടീം ഇന്ന് അടുത്ത ട്രെയിനിൽ കേരളത്തിലേക്ക് തിരിക്കും. അമൃത്സറിൽ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനാലാണ് മറ്റൊരു ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തത്.
കളിക്കാർക്ക് എന്ന് കിട്ടും തേഡ് എ.സി ടിക്കറ്റ്
ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധീകരിക്കാൻ പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനിൽ തേഡ് എ.സി കമ്പാർട്ട്മെന്റിൽ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഇടയ്ക്കിടെ കായികമന്ത്രിമാർ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇപ്പോഴും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. സീനിയർ ടീമുകൾ പോലും സ്ളീപ്പർ കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. വലിയ ടീമുകൾ പോകുമ്പോൾ എല്ലാ ടിക്കറ്റുകളും കൺഫേമാവുക പതിവില്ല. കൺഫേമാകുന്ന ബർത്തുകളിൽ എല്ലാവരെയും കയറ്റിക്കൊണ്ട് പോവുകയാണ് പതിവ്. ഇത്തരം ദുരിതയാത്രകളുടെ വാർത്തകൾ വരുമ്പോൾ കളിക്കാർക്ക് തേഡ് എ.സി ടിക്കറ്റ് നൽകുമെന്ന വാചകമടിയിൽ അധികൃതർ കാര്യങ്ങൾ ഒതുക്കുകയും ചെയ്യും.
കാശുകൊടുക്കാതെ കൗൺസിൽ
ദേശീയ ചാമ്പ്യൻഷിപ്പുകൾക്കുള്ള ടീമുകൾക്ക് ക്യാമ്പുകൾ നടത്താനും യാത്രാ സൗകര്യം ഒരുക്കാനും പണം നൽകേണ്ടത് സംസ്ഥാന സ്പോർട്സ് കൗൺസിലാണ്. അതത് കായിക അസോസിയേഷനുകളാണ് കൗൺസിലിൽ നിന്ന് പണം വാങ്ങി ഇക്കാര്യങ്ങൾ നടത്തേണ്ടത്. എന്നാൽ മിക്ക അസോസിയേഷനുകൾക്കും ഇത്തരത്തിൽ നൽകേണ്ട തുക മാസങ്ങളായി കൗൺസിൽ നൽകിയിട്ടില്ല. ബാസ്കറ്റ് ബാൾ അസോസിയേഷന് മാത്രം 20 ലക്ഷത്തിലധികം കുടിശികയുണ്ടെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. കൗൺസിലിൽ നിന്ന് എന്നെങ്കിലും ലഭിക്കുമെന്ന് കരുതി സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് പല അസോസിയേഷനുകളും ടീമിനെ അയക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും കായികതാരങ്ങൾക്ക് യാത്രകൾ ദുരിതമാകുന്നു. സീനിയർ താരങ്ങൾ സ്വന്തം ചെലവിൽ എ.സി ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ തയ്യാറായാലും കൗൺസിലിൽ നിന്ന് ഈ തുക ലഭിക്കാത്തതിനാൽ തങ്ങൾ എടുത്തുകൊടുക്കുന്ന സ്ളീപ്പർ ടിക്കറ്റിൽ യാത്ര ചെയ്താൽ മതിയെന്ന് ചില അസോസിയേഷനുകൾ നിർബന്ധം പിടിക്കാറുമുണ്ട്.
ധൂർത്തിന് ഒരു കുറവുമില്ല
കളിക്കാർക്ക് മികച്ച യാത്രാസൗകര്യം ഒരുക്കാനോ അസോസിയേഷനുകൾ കുടിശിക നൽകാനോ പണമില്ലാത്ത സ്പോർട്സ് കൗൺസിലിന് പക്ഷേ ഭാരവാഹികളുടെ ധൂർത്തടിക്ക് ചെലവഴിക്കാൻ ഒരു മടിയുമില്ല.
അടുത്തിടെ കൗൺസിലിനെ പ്രതിനിധീകരിച്ച് നാലുപേർക്ക് ഗോവയിൽ നടന്ന ദേശീയ ഗെയിംസിന് പോകാൻ വിമാനയാത്രയ്ക്കടക്കം അനുവദിച്ചത് നാലു ലക്ഷമാണ്. ഇതിന്റെ ബില്ലുകൾ ഇതുവരെ ക്രമീകരിച്ചിട്ടുപോലുമില്ലെന്നാണ് വിവരാവകാശപ്രകാരമുള്ള മറുപടിയിൽ കൗൺസിൽ അറിയിച്ചിരിക്കുന്നത്.
കൗൺസിൽ പ്രസിഡന്റിന് ആഴ്ചയോടാഴ്ച നാട്ടിൽ പോയിവരാനുള്ള ഡീസൽച്ചെലവ് ഇനത്തിലും ലക്ഷങ്ങളാണ് അനുവദിച്ചിരിക്കുന്നത്.
അടുത്തിടെ കൗൺസിൽ സെക്രട്ടറി കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് പോയതിന് യാത്രാബത്ത വാങ്ങിയത് പരാതിയാവുകയും കായിക മന്ത്രി അന്വേഷണം നടത്തി പണം തിരിച്ചടപ്പിക്കുകയും ചെയ്തിരുന്നു.