
രജനികാന്തും സംവിധായകൻ ടി.ജെ. ജ്ഞാനവേലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് വേട്ടയൻ എന്ന് പേരിട്ടു. ടൈറ്റിൽ പ്രഖ്യാപന വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിടുകയായിരുന്നു. രജനികാന്തിന്റെ സ്‌റ്റൈലിഷ് രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് ടൈറ്റിൽ ടീസർ.അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് നായികമാർ. രജനികാന്ത് നായകനാവുന്ന 170ാമത്തെ ചിത്രം ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധാനം.
എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻപറിവ് സംഘട്ടന സംവിധാനം ഒരുക്കുന്നു. പി.ആർ.ഒ ശബരി.
തിരുവനന്തപുരത്തടക്കം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന വാർത്ത മുൻപ് പുറത്തുവന്നിരുന്നു. ഒക്‌ടോബറിൽ ചിത്രീകരണത്തിനെത്തിയ അദ്ദേഹത്തെ കാണാൻ ആരാധകർ അടക്കം നിരവധി പേർ എത്തിയിരുന്നു.
'ജയിലറിന്റെ' ചരിത്ര വിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രം ജയ് ഭീം എന്ന ഒറ്റ ചിത്രം കൊണ്ട് ദേശീയശ്രദ്ധ നേടിയ ടി.ജെ. ജ്ഞാനവേലാണ് സംവിധായകൻ. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും അദ്ദേഹത്തിന്റെ താമസം.