hair

എല്ലാ കാലത്തും ആളുകൾ നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് നര. ചെറിയ കുട്ടികൾക്ക് പോലും ഇപ്പോൾ അകാലനര ബാധിക്കുന്നു. ഇത് അകറ്റാൻ പലരും കെമിക്കൽ നിറഞ്ഞ ഡെെ ഉപയോഗിക്കുന്നു. എന്നാൽ അത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. മുടി നല്ല രീതിയിൽ വളരാനും അകാല നര അകറ്റാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക നല്ല രീതിയിൽ ഉപയോഗിച്ചാൽ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. അത്തരത്തിൽ നെല്ലിക്ക ഉപയോഗിച്ച് എങ്ങനെ അകാലനര അകറ്റി നല്ല കറുത്ത മുടി സ്വന്തമാക്കാമെന്ന് നോക്കാം.

ആദ്യം നെല്ലിക്കയുടെ കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വെയിലത്ത് വച്ച് നല്ലപോലെ ഉണക്കി എടുക്കുക. ഉണങ്ങിയ നെല്ലിക്ക ഒരു കപ്പ് എടുക്കുക. എത്ര നെല്ലിക്ക എടുക്കുന്നുവോ അതിന്റെ ഇരട്ടി വെള്ളം എടുത്ത് നെല്ലിക്ക കുതിർക്കാൻ വയ്ക്കുക ( ഒരു കപ്പ് നെല്ലിക്കയാണെങ്കിൽ രണ്ട് കപ്പ് വെള്ളം). ഒരു മണിക്കൂറോളം ഇത് വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം ചുവട് കട്ടിയുള്ള പാത്രത്തിൽ ഇത് ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. ആ വെള്ളം പകുതിയാകുന്നത് വരെ തിളപ്പിക്കണം ( ഇടയ്ക്ക് ഇളക്കാൻ മറക്കരുത്). ശേഷം അത് എടുത്ത് തണുപ്പിക്കാൻ വയ്ക്കണം. വെള്ളം തണുത്ത ശേഷം അതിൽ നിന്ന് നെല്ലിക്ക വേർതിരിക്കുക. വീണ്ടും ചുവട് കട്ടിയുള്ള പാത്രത്തിൽ നെല്ലിക്ക വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടായ ശേഷം ഇതിലേയ്ക്ക് നെല്ലിക്ക വെള്ളത്തിന്റെ ഇരട്ടി വെളിച്ചെണ്ണ ഒഴിക്കുക. നല്ലപോലെ യോജിപ്പിക്കണം.

മിശ്രിതം നന്നായി വറ്റിവരുന്നത് വരെ ഇടയ്ക്ക് ഇളക്കി ചൂടാക്കുക. ഇടയ്ക്ക് ഈ എണ്ണ കറുപ്പ് നിറത്തിലേയ്ക്ക് മാറുന്നത് കാണാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ നീലയമരി പൊടി ഇടുക (നീലയമരി ഇട്ട ശേഷം അധികനേരം എണ്ണ തിളപ്പിക്കരുത്). പിന്നാലെ ഒരു നാല്, അഞ്ച് കുരുമുളക് കൂടി ഇട്ട് തീ ഓഫ് ചെയ്യാം ( കുരുമുളക് പൊട്ടി എണ്ണയുടെ മുകളിൽ വരുന്നത് കാണാം). നെല്ലിക്ക എണ്ണ തലയിൽ തേച്ചശേഷം 30 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഈ എണ്ണ എന്നും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.