
ഇന്ത്യയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ വിജയം ദക്ഷിണാഫ്രിക്കയ്ക്ക്
ക്വെബേഹ( പോർട്ട് എലിസബത്ത്) : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ 180/7 എന്ന സ്കോറിലെത്തിയപ്പോൾ മഴ കളി തടസപ്പെടുത്തിയിരുന്നു. തുടർന്ന് 15 ഓവറിൽ 152 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴുപന്തുകൾ ബാക്കിനിൽക്കവേയാണ് ജയം കണ്ടത്. ഇതോടെ മൂന്ന് മത്സര പരമ്പരയിൽ ആതിഥേയർ 1-0ത്തിന് മുന്നിലെത്തി. മൂന്നാം മത്സരം നാളെ ജോഹന്നാസ് ബർഗിൽ നടക്കും.
അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ സൂര്യകുമാർ യാദവും (56), റിങ്കു സിംഗുമാണ് (68*) ഇന്ത്യൻ ബാറ്റിംഗിന് കരുത്തായത്. തിലക് വർമ്മ 29 റൺസും രവീന്ദ്ര ജഡേജ 19 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റീസ ഹെൻറിക്ക്സ് (49),നായകൻ എയ്ഡൻ മാർക്രം (30) എന്നിവരാണ് പൊരുതിയത്.
ഓപ്പണർമാർ രണ്ടുപേരെയും ഡക്കാക്കി അപ്രതീക്ഷിത പ്രഹരമാണ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കൻ പേസർമാർ നൽകിയത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ മാർക്കോ ജാൻസൻ യശ്വസി ജയ്സ്വാളിനെ (0) ഡേവിഡ് മില്ലറുടെ കയ്യിലെത്തിക്കുകയായിരുന്നു. സ്കോർ ബോർഡ് തുറക്കുന്നതിന് മുന്നേയാണ് യശ്വസി തിരിച്ചുനടന്നത്. ഫസ്റ്റ് ഡൗണായി ഇറങ്ങിയ തിലക് വർമ്മയാണ് (29) സ്കോർ ബോർഡ് തുറന്നത്. എന്നാൽ രണ്ടാം ഓവറിൽ ടീം സ്കോർ 6ൽ വച്ച് ശുഭ്മാൻ ഗില്ലും തിരിച്ചുപോയി. ലിസാഡ് വില്യംസാണ് ഗില്ലിനെ എൽ.ബിയിൽ കുരുക്കിയത്.
രണ്ടോവറിൽ രണ്ട് വിക്കറ്റിന് ആറ് റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ നായകൻ സൂര്യകുമാർ യാദവും തിലക് വർമ്മയും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 49 റൺസാണ് വലിയ തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്. ആറാം ഓവറിൽ ടീം സ്കോർ 55ൽ നിൽക്കവേ ജെറാൾഡ് കോറ്റ്സെ ഇന്ത്യയ്ക്ക് വീണ്ടും വില്ലനായി. 20 പന്തുകളിൽ നാലുഫോറും ഒരു സിക്സുമടക്കം 29 റൺസടിച്ച തിലകിനെ ജാൻസനാണ് പിടികൂടിയത്. തുടർന്ന് റിങ്കു സിംഗ് കളത്തിലിറങ്ങി. സൂര്യയും റിങ്കുവും ചേർന്ന് 13.5 ഓവറിൽ 125 റൺസിൽ എത്തിച്ചു. അവിടെവച്ച് സൂര്യകുമാർ പുറത്തായി. 36 പന്തുകളിൽ അഞ്ചു ഫോറും മൂന്ന് സിക്സുമടിച്ച സൂര്യയെ തബാരേസ് ഷംസിയുടെ പന്തിൽ ജാൻസനാണ് പിടികൂടിയത്. തുടർന്ന് ജിതേഷ് ശർമ്മയെ (1)നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ (19)ക്കൂട്ടി റിങ്കു സിംഗ് തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടി . അവസാന ഓവറിൽ ജഡേജയെയും അർഷ്ദീപിനെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമായതിന് പിന്നാലെ മഴ വീണു.
കളി പുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 15 ഓവറിൽ 152 റൺസായി പുനർനിർണയിക്കപ്പെട്ടു. റീസ ഹെൻറിക്ക്സും (49) മാത്യു ബ്രീസക്കിയും (19) ചേർന്ന് ആതിഥേയർക്ക് മികച്ച തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ബ്രീസ്കി റൺഒൗട്ടായതിന് ശേഷമിറങ്ങിയ മാർക്രത്തെ (30) എട്ടാം ഓവറിൽ ടീം സ്കോർ 96ൽ വച്ച് മുകേഷ് പുറത്താക്കി. അടുത്ത ഓവറിൽ കുൽദീപ് റീസയേയും അതിനടുത്ത ഓവറിൽ സിറാജ് ക്ളാസനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 108/4 എന്ന നിലയിലായി. തുടർന്ന് മില്ലർ(17), സ്റ്റബ്സ്(14*), പെഹ്‌ലുക്ക്‌വായോ (10*) എന്നിവരുടെ പോരാട്ടം ആതിഥേയരെ വിജയത്തിലെത്തിച്ചു.