
ഇസ്ലാമബാദ്: അൽ-അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് (പി.എം.എൽ- എൻ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി ചൊവ്വാഴ്ച കുറ്റവിമുക്തനാക്കി. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ നവാസ് നയിക്കും. 2001ൽ പിതാവ് സ്ഥാപിച്ച സ്റ്റീൽ മില്ലുമായി തനിക്ക് ബന്ധമില്ലെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനാകാത്തതിനാലാണ് 73 കാരനായ ഷരീഫിന് 2018 ഡിസംബറിൽ അഴിമതി വിരുദ്ധ കോടതി ഏഴ് വർഷം തടവിനും പിഴയയ്ക്കും ശിക്ഷിച്ചത്. 2018 ജൂലായിൽ ശിക്ഷിക്കപ്പെട്ട് 10 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ട അവെൻഫീൽഡ് കേസിലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. 2018ൽ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ഫ്ലാഗ്ഷിപ്പ് അഴിമതി കേസിലും അദ്ദേഹത്തിന് ആശ്വാസം ലഭിച്ചു. ഐ.എച്ച്.സി ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖ്, ജസ്റ്റിസ് മിയാംഗുൾ ഹസൻ ഔറംഗസേബ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.