
ക്വെബേഹ( പോര്‍ട്ട് എലിസബത്ത്): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യക്ക് മികച്ച സ്‌കോര്‍. മഴ കാരണം കളി നിര്‍ത്തുമ്പോള്‍ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത റിങ്കു സിംഗ് 68*(39), അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 56(38) എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
മഴ കാരണം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് റിങ്കു 68 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്‌വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.
രണ്ടോവറില്‍ രണ്ട് വിക്കറ്റിന് ആറ് റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ നായകന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 49 റണ്‍സാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തിയത്.
ആറാം ഓവറില്‍ ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവേ ജെറാള്‍ഡ് കോറ്റ്‌സെ ഇന്ത്യയ്ക്ക് വീണ്ടും വില്ലനായി. 20 പന്തുകളില്‍ നാലുഫോറും ഒരു സിക്‌സുമടക്കം 29 റണ്‍സടിച്ച തിലകിനെ ജാന്‍സനാണ് പിടികൂടിയത്.
തിലക് പുറത്തായ ശേഷമെത്തിയ ജിതേഷ് ശര്‍മ്മ 1(3) നിരാശപ്പെടുത്തി. പകരമെത്തിയ റിങ്കു സിംഗ് നായകന് ഒപ്പം ചേര്‍ന്ന് സ്‌കോറിംഗ് വേഗത്തിലാക്കി. രവീന്ദ്ര ജഡേജ 19(14) റണ്‍സ് നേടി.