
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച പ്രതികളെ പിടികൂടി കോസ്റ്റ് ഗാര്‍ഡ്. ഒന്നരലക്ഷം ദിനാര്‍ മൂല്യം വരുന്ന 40 കിലോഗ്രാം ഹാശിഷ് ഓയിലാണ് കടത്താന്‍ ശ്രമിച്ചത്.
ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ മാരിറ്റൈം സെക്യൂരിറ്റി വിഭാഗമാണ് ലഹരിമരുന്നുമായെത്തിയ ബോട്ട് പിടിച്ചെടുത്തത്.
അഞ്ച് പേരാണ് ബോ്ട്ടിലുണ്ടായിരുന്നത്. ലഹരിമരുന്ന് കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതേസമയം ഒമാനിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുമായി നുഴഞ്ഞു കയറിയ വിദേശികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വടക്കന്‍ ബാത്തിനയില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് 100 കിലോഗ്രാം ഹാഷിഷും 25 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും പിടിച്ചെടുത്തു.
ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായത്. മയക്കുമരുന്നുകളുടെയും ലഹരിപദാര്‍ത്ഥങ്ങളുടെയും കടത്ത് തടയുന്ന ഡയറക്ടറേറ്റ് ജനറലാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.