
കൊച്ചി: നിലയ്ക്കലിൽ വാഹനങ്ങളുടെ നീക്കം ഹോൾഡ് ആൻഡ് റിലീസ് (നിശ്ചിതസമയം പിടിച്ചിട്ടശേഷം പോകാൻ അനുവദിക്കൽ) സംവിധാനത്തിലൂടെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ഇടത്താവളങ്ങളിലും ഇത്തരം നിയന്ത്രണമാകാം. അവിടെയും അന്നദാനവും മറ്റുസൗകര്യങ്ങളും ഉറപ്പാക്കണം.
നിലയ്ക്കൽ -ളാഹ മേഖലയിൽ മോട്ടോർ വാഹന വകുപ്പും ദേവസ്വവും പട്രോളിംഗ് നടത്തി വാഹനങ്ങളിൽ കുടുങ്ങുന്നവർക്ക് കുടിവെള്ളവും ബിസ്‌കറ്റും എത്തിക്കാൻ നടപടി സ്വീകരിക്കണം. അതേസമയം
സന്നിധാനത്ത് ചുമതലയുണ്ടായിരുന്ന എസ്.പി കെ.വി സന്തോഷിന് പകരം കൊച്ചി സിറ്റി ഡി.സി.പി കെ.എസ് സുദർശനെ നിയമിച്ചു. പമ്പയിൽ അരവിന്ദ് സുകുമാറിന് പകരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനനെ നിയമിച്ചു. നിലയ്ക്കലിൽ എൽ.സാലോമോന് പകരം കെ.വി സന്തോഷിനെയും നിയമിച്ചു.
ഇതിനിടെ പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ട് തീർത്ഥാടകർ എരുമേലിയിൽ റാന്നിയിലേക്കുള്ള പ്രധാന പാത ഉപരോധിച്ചു. പൊലീസ് നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയിലേക്ക് വാഹനങ്ങൾകടത്തിവിട്ടിരുന്നില്ല. തുടർന്ന് വൈകുന്നേരം ആറരയോടെ തുടങ്ങിയ ഉപരോധം ഒന്നര മണിക്കൂറോളം നീണ്ടു. ഈസമയം പൊലീസിന്റെ അനുനയ നീക്കവും പരാജയപ്പെട്ടു. പ്രധാനമായും അന്യസംസ്ഥാന ഭക്തരാണ് ഉപരോധത്തിൽ ഉണ്ടായിരുന്നത്. ഈ സമയം ഒരുവാഹനം പോലും കടത്തിവിട്ടില്ല.