
തിരുവനന്തപുരം: ഭർത്താവിന് വൃക്ക നൽകിയ ശേഷം വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മണക്കാട് കമലേശ്വരം സ്വദേശി സുഗുണനെയാണ് (55) പൂന്തുറ പൊലീസ് പിടികൂടിയത്.
ഭർത്താവിന് വൃക്ക ദാനം ചെയ്തതിനെ തുടർന്ന് നാലുമാസമായി യുവതിയും ഭർത്താവും വിശ്രമത്തിലാണ്.
ഞായറാഴ്ച പുലർച്ചെ ഭർത്താവിന് അസ്വസ്ഥത അനുഭവപ്പെടുകയും രാവിലെ 8.30ന് മകനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ പോകുകയും ചെയ്തു. വീട്ടിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയ സുഗുണൻ ആപ്പിളും മറ്റും വാങ്ങി വീട്ടിലെത്തി. അടുക്കളയിൽ ജോലിയിലായിരുന്ന യുവതിയെ കടന്നുപിടിക്കുകയും വലിച്ചിഴച്ച് കിടപ്പുമുറിയിലെത്തിക്കുകയുമായിരുന്നു.
എന്നാൽ സുഗുണനെ ചവിട്ടിത്തള്ളിയിട്ട ശേഷം യുവതി നിലവിളിച്ചു. ഇതോടെ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി. ഭയന്ന് രക്തസമ്മർദ്ദം ഉയർന്ന യുവതിയെ ഭർത്താവെത്തിയ ശേഷം പൂന്തുറ ആശുപത്രിയിലും തുടർന്ന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിയോടെ സുഗുണനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.