
കൊച്ചി: പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ വളര്‍ത്തുനായ്ക്കളെ തുറന്ന് വിട്ട് യുവാവ്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി നിഥിനെ അന്വേഷിച്ചാണ് എക്‌സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ നായ്ക്കളെ തുറന്ന് വിട്ട ശേഷം കഞ്ചാവ് കേസിലെ പ്രതിയായ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
രാത്രി ഏഴ് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ നിഥിനെ തേടി എത്തിയത്. അധികൃതരെ കണ്ടയുടന്‍ നിഥിന്‍ വളര്‍ത്തു നായ്ക്കളെ തുറന്ന് വിട്ട് വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. നായ്ക്കളെ കൂട്ടില്‍ കയറ്റാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് നിഥിന്റെ അച്ഛന്‍ മനോജ് നായ്ക്കളെ കൂട്ടിലടച്ചത്.
ഈസമയം പ്രതി വീടിന്റെ മുകളിലത്തെ നിലയില്‍ കയറി സമീപത്തെ പറമ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിഥിന്‍ വീട്ടില്‍ നിന്ന് പുറത്ത് പോയെന്നും ഇനി പരിശോധന വേണ്ടെന്നും പറഞ്ഞ് അച്ഛന്‍ മനോജ് ഉദ്യോഗസ്ഥരെ തടഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ അകത്തേക്ക് പ്രവേശിച്ചു.
നിഥിന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവും ഇത് അളക്കാന്‍ ഉപയോഗിച്ചിരുന്ന ത്രാസും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 2017ല്‍ കഞ്ചാവ് കൈവശംവച്ച കേസില്‍ നിഥിനെ എക്‌സൈസ് പിടികൂടിയിരുന്നുവെങ്കിലും പ്രായപൂര്‍ത്തിയാകാത്തത് കാരണം ജുവനൈല്‍ കോടതി നല്ലനടപ്പിന് ശിക്ഷിച്ച ശേഷം വിട്ടയച്ചിരുന്നു.
നിഥിന് വേണ്ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലവിട്ട് പോകാന്‍ സാദ്ധ്യതയില്ലെന്നുമാണ് എക്‌സൈസ് പറയുന്നത്. വീടിന് ഉള്ളില്‍ നിന്നും കഞ്ചാവ് പിടികൂടിയതിന് പുറമേ ഇയാളുടെ രണ്ട് ഇരുചക്ര വാഹനങ്ങളില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.