
വർക്കല : ചാരായംവാറ്റ് നടത്തിവന്ന യുവാവിനെ വർക്കല എക്‌സൈസ് പിടികൂടി. വടശ്ശേരിക്കോണം കാണവിള വീട്ടിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന അഖിൽ ദാസ് (36) ആണ് പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാൾ വീട്ടിൽ ചാരായംവാറ്റ് നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 205 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും വാറ്റ് സാമഗ്രികളും ഇയാളുടെ വീട്ടിൽ നിന്നു എക്‌സൈസ് കണ്ടെടുത്തു. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷവേളയിൽ വിൽപ്പനയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്ന് എക്‌സൈസ് വർക്കല റെയിഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ പറഞ്ഞു.
അതേസമയം പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ വളർത്തുനായ്ക്കളെ യുവാവ് തുറന്ന് വിട്ട സംഭവവും ഇന്നുണ്ടായി. എറണാകുളം വടക്കൻ പറവൂർ സ്വദേശി നിഥിനെ അന്വേഷിച്ചാണ് എക്‌സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥർക്ക് നേരെ നായ്ക്കളെ തുറന്ന് വിട്ട ശേഷം കഞ്ചാവ് കേസിലെ പ്രതിയായ ഇയാൾ രക്ഷപ്പെടുകയായിരുന്നു. അധികൃതരെ കണ്ടയുടൻ നിഥിൻ വളർത്തു നായ്ക്കളെ തുറന്ന് വിട്ട് വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. നായ്ക്കളെ കൂട്ടിൽ കയറ്റാൻ എക്‌സൈസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് നിഥിന്റെ അച്ഛൻ മനോജ് നായ്ക്കളെ കൂട്ടിലടച്ചത്. ഈസമയം പ്രതി വീടിന്റെ മുകളിലത്തെ നിലയിൽ കയറി സമീപത്തെ പറമ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.