
തിരുവനന്തപുരം: മൂന്നിടത്ത് തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്ത എസ്.എഫ്.ഐ പ്രതിഷേധത്തിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ ഗവർണർ. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ചതിനുശേഷമാവും തുടർനടപടി. സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടിന് പുറമെ പ്രതിഷേധത്തെക്കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ പത്ത്, പതിനൊന്ന് തീയതികളിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തെക്കുറിച്ചും ഇതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുമാണ് ഗവർണർ റിപ്പോർട്ട് തേടിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഗവർണർക്കെതിരെ പ്രതിഷേധിച്ച ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി-124 അടക്കം വകുപ്പുകൾ ചുമത്തിയിരിക്കുകയാണ്. ഈ വകുപ്പുകൾ ചുമത്തണമെന്ന് പൊലീസ് മേധാവിയോടും ചീഫ്സെക്രട്ടറിയോടും രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്.
രാഷ്ട്രപതിയെയും ഗവർണറെയും തടയുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണിത്. കേരളത്തിലാദ്യമായാണ് ഈ വകുപ്പുകൾ ചുമത്തുന്നത്. സംഘംചേരൽ, കലാപശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്.
പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ ഗവർണറുടെ കാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ഏഴ് പേർക്കെതിരെയാണ് ഐ.പി.സി-124 ചുമത്തിയത്. പ്രതികൾ കാറിന്റെ ചില്ലിലും ബോണറ്റിലും അടിച്ചതിലൂടെ 76,357 രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.