
കോട്ടയം: പാലായിലെ നവകേരള സദസ് വേദിയിൽ തോമസ് ചാഴികാടൻ എംപിയ്ക്ക് മുഖ്യമന്ത്രിയുടെ പരസ്യ വിമർശനം. പാലായുടെ ആവശ്യങ്ങളായ മൂന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്ന മുഖവുരയോടെയാണ് തോമസ് ചാഴികാടൻ സ്വാഗത പ്രസംഗം ആരംഭിച്ചത്. പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി എംപിയെ പരിഹാസരൂപേണ വിമർശിക്കുകയായിരുന്നു.
റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കൽ, പാലാ നഗരസഭാ സ്റ്റേഡിയം നവീകരണം, ചേർപ്പുങ്കൽ പാലം പൂർത്തിയാക്കൽ എന്നീ ആവശ്യങ്ങളാണ് ചാഴികാടൻ ഉന്നയിച്ചത്. ഇതിൽ അനിഷ്ടം പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയത്.
'എന്തിനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന ബോധ്യം നാടിനാകെ ഉണ്ടായിക്കഴിഞ്ഞതാണ്. പക്ഷേ നമ്മുടെ ഇവിടത്തെ കാര്യങ്ങൾ ആദ്യം അവതരിപ്പിക്കുന്ന ഒരാളുണ്ടല്ലോ, അദ്ദേഹത്തിനിത് എന്തിനാണ് സംഘടിപ്പിക്കുന്നതെന്ന് പിടികിട്ടിയിട്ടില്ല. അതിന്റേതായ അവതരണമാണ് ഇവിടെ നടത്തിയത്..
എന്തോ പരാതികൾ സ്വീകരിക്കാൻ ഞങ്ങളിങ്ങനെ പുറപ്പെട്ടതാണ് എന്ന മട്ടിലാണ് അദ്ദേഹം പറയുന്നതായി കേട്ടത്. പരാതികൾ ഇതിന്റെ ഭാഗമായി വരുന്ന ഒരു കാര്യം മാത്രമാണ്. പരാതികൾ സ്വീകരിക്കലല്ല ഇതിന്റെ പ്രധാന കാര്യം. പരാതികൾ എപ്പോഴും മന്ത്രിമാർ പോകുമ്പോൾ കൊടുക്കുമല്ലോ. നമ്മുടെ നാട് നേരിടുന്ന പ്രശ്‌നങ്ങൾ ജനസമക്ഷം അവതരിപ്പിക്കാനാണ്. കേരളത്തിന് നേരെയുള്ള കേന്ദ്രത്തിന്റെ വിവേചനം ജനസമക്ഷം അവതരിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ നാട് എവിടെയെത്തി, ഇനി മുന്നോട്ട് എന്തൊക്കെ ചെയ്യാനുണ്ട് എന്നതും അവതരിപ്പിക്കേണ്ടതായുണ്ട്. അത് വേണ്ടത്ര മനസിലാക്കാതെയുള്ള അവതരണമാണ് നടന്നത്. ബഹുമാനപ്പെട്ട ചാഴികാടനും അത് വേണ്ടത്ര ഉൾകൊണ്ടതായി കരുതുന്നില്ല. അത് നിർഭാഗ്യകരമായിപ്പോയി'- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ചാഴികാടനും മറ്റും പറഞ്ഞത് പിന്നീട് പരിഗണിക്കാമെന്നും അതൊന്നും പറയാനല്ല സദസ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. റബറിന്റെ താങ്ങുവില 200 രൂപയായി ഉയർത്തണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ജോസ് കെ മാണിയും ആവശ്യപ്പെട്ടിരുന്നു.