
പാറ്റ്‌ന: വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ധർമേന്ദ്ര കുമാർ (22) ആശുപത്രിയിൽ ചികിത്സയിലാണ്. സരിത കുമാരി (24) എന്ന യുവതിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനായി അന്വേഷണം നടക്കുകയാണ്.
ഇന്ന് പുലർച്ചെയാണ് അക്രമണണുണ്ടായത്. രാത്രി രണ്ട് മണിക്ക് ധർമേന്ദ്രയെ കാണണമെന്ന് സരിത ഫോണിൽ വിളിച്ച് പറഞ്ഞു. പറഞ്ഞ സമയത്ത് തന്നെ ഇയാൾ യുവതിയുടെ വീട്ടിലേത്തി. കുറച്ച് സമയം സംസാരിച്ച ശേഷം തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കൈയിൽ കരുതിയിരുന്ന ആസിഡ് ഇവർ ധർമേന്ദ്രയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയോടൊപ്പം ഒരു പുരുഷൻ കൂടി ഉണ്ടായിരുന്നു എന്നാണ് ധർമേന്ദ്ര പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ഹാജിപൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ അഞ്ച് മാസമായി ധർമേന്ദ്രയും സരിതയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വൈശാലി പൊലീസ് സൂപ്രണ്ട് രവി രഞ്ജൻ കുമാർ പറഞ്ഞത്. മൂന്ന് കുട്ടികളുടെ അമ്മയായ സരിത കുറച്ച് കാലം മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. ധർമേന്ദ്ര തന്നെ വിവാഹം കഴിക്കാൻ താൽപ്പര്യം കാണിക്കാത്തതും മറ്റൊരു പെൺകുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചതും കൊണ്ടുള്ള ദേഷ്യമാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചതെന്നാണ് സരിത പൊലീസിനോട് പറഞ്ഞത്. മുഖം വികൃതമാക്കണം എന്ന ഉദ്ദേശത്തോടെയാണ് ആസിഡ് ഒഴിച്ചതെന്നും അവർ മൊഴി നൽകി.
ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 34 (സംഘം ചേർന്നുള്ള ക്രിമിനൽ കുറ്റം) എന്നിവ പ്രകാരം രണ്ട് പ്രതികൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സരിതയ്‌ക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.