
ന്യൂഡൽഹി: മദ്ധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെയും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ഡിയോ സായിയേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന ബി ജെ പി നേതാക്കളും പങ്കെടുക്കും.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ബി ജെ പി വിഷ്ണു ഡിയോ സായിയേയും മോഹൻ യാദവിനെയും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഒ ബി സി നേതാവായ മോഹൻ യാദവ് കഴിഞ്ഞ ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിച്ച ചൗഹാന് വീണ്ടും മുഖ്യമന്ത്രിപദം നൽകുമെന്നായിരുന്നു കരുതിയിരുന്നത്.
ഛത്തീസ്ഗഢിലെ ആദ്യ ഗോത്ര വിഭാഗക്കാരനായ മുഖ്യമന്ത്രിയാണ് അമ്പത്തിയൊൻപതുകാരനായ വിഷ്ണു ഡിയോ സായി. നിയമസഭാ തിരഞ്ഞെടുപ്പിൽ കുങ്കുരിയിൽ നിന്നാണ് ജയിച്ചത്. 2020 മുതൽ 2022 വരെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1994, 2004, 2009, 2014 തുടങ്ങിയ വർഷങ്ങളിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് തുടർച്ചയായി വിജയിച്ചു.
അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ ഈ മാസം പതിനഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. തികച്ചും അപ്രതീക്ഷിതമായിട്ട് തന്നെയായിരുന്നു ബി ജെ പി കന്നി എം എൽ എയായ ബ്രാഹ്‌മണ നേതാവ് ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ജയ്‌പൂരിലെ സംഗനേറിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. നാല് തവണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.