dance

അമൃത്സർ: ലുധിയാന സെൻട്രൽ ജയിലിൽ തടവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് വിവാഹപാർട്ടിയിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു. കലാപം, തട്ടിക്കൊണ്ടുപോകൽ, വെടിവയ്പ്പ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലക്കി സന്ധു എന്ന സർവോതം സിംഗിന്റെ വീഡിയോ ആണ് വിവാദമായത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡുചെയ്തു. പഞ്ചാബിലെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ സന്ധുവിനെ ഈ വർഷം ആദ്യമാണ് അറസ്റ്റുചെയ്തത്. അന്നുമുതൽ ലുധിയാന സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ഡിസംബർ എട്ടിന് നടന്ന വിവാഹപാർട്ടിയിലാണ് ലക്കി പങ്കെടുത്തത്. പാർട്ടിക്കെത്തിയ മറ്റ് അതിഥികൾക്കൊപ്പം ഇയാൾ ആടിപ്പാടുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഡിസംബർ 8 ന് നടുവേദനയും മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ടും ഉണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് സന്ധുവിനെ ചികിത്സയ്ക്കായി ചണ്ഡീഗഡിലെ ആശുപത്രിയിലേക്ക് അയച്ചതായി ലുധിയാന ജയിൽ സൂപ്രണ്ട് ശിവരാജ് സിംഗ് പറഞ്ഞു.ഇതാണ് രേഖകളിലും ഉള്ളത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജയിൽ ജീവനക്കാരാരും ഇയാളെ അനുഗമിച്ചില്ലെന്നാണ് റിപ്പോർട്ട്. പൊലീസുകാർ മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്. ലക്കി ആശുപത്രിയിലെത്തുകയും പരിശോധന നടത്തുകയും ചെയ്‌തെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

dance1

പരിശോധനയ്ക്കുശേഷം ജയിലിലേക്ക് തിരിച്ചുവരുമ്പോഴാണ് പാർട്ടിയിൽ പങ്കെടുത്തത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാരാണ് ഇയാൾക്കുവേണ്ട ഒത്താശചെയ്തതെന്നും അവരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്ക് കത്തയച്ചുവെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. സബ് ഇൻസ്‌പെക്ടർ മംഗൾ സിംഗ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കുൽദീപ് സിംഗ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. തെറ്റുകാരാണെന്ന് ബോദ്ധ്യപ്പെട്ടാൽ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കമ്മിഷണർ അറിയിച്ചു.

WATCH and read: Jailed Youth Congress leader Lucky Sandhu reaches marriage party, dances and returns to jail. Two cops suspended https://t.co/aU38fgCEHB @IndianExpress @iepunjab pic.twitter.com/O9Z4c0FuzN

— Divya Goyal (@divya5521) December 12, 2023