
തിരുവനന്തപുരം: മൂന്നിടത്ത് ഗവർണറെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്ത ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ 7 വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി-124 അടക്കം വകുപ്പുകൾ ചുമത്തി. ഇതടക്കം ചുമത്തണമെന്ന് രാജ്ഭവൻ പൊലീസ് മേധാവിയോടും ചീഫ്സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്.
രാഷ്ട്രപതിയെയും ഗവർണറെയും തടയുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണിത്. കേരളത്തിലാദ്യമായാണ് ഇത് ചുമത്തുന്നത്. സംഘംചേരൽ, കലാപശ്രമം,പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത്.
പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ കാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 7 പേർക്കെതിരെയാണ് ഐ.പി.സി-124 ചുമത്തിയത്. പ്രതികൾ കാറിന്റെ ചില്ലിലും ബോണറ്റിലും അടിച്ചതിലൂടെ 76,357രൂപയുടെ നഷ്ടമുണ്ടായി. പ്രതികളിൽ ഒരാൾക്ക് ബുധനാഴ്ച എൽഎൽ.ബി പരീക്ഷയെഴുതാൻ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 അഭിനിമോൾ രാജേന്ദ്രൻ ഇടക്കാല ജാമ്യം അനുവദിച്ചു. കന്റോൺമെന്റ് പൊലീസെടുത്ത കേസിലാണിത്.
അതേസമയം, പേട്ടയിൽ കരിങ്കൊടി കാട്ടിയ 5 പ്രതികൾക്ക് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ് ജാമ്യം അനുവദിച്ചു. ഇവർക്കെതിരെ ചുമത്തിയതിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയത് മാത്രമായിരുന്നു ജാമ്യമില്ലാകുറ്റം. റിമാൻഡ് റിപ്പോർട്ടിൽ ഏതുതരം തടസമാണുണ്ടാക്കിയതെന്ന് വ്യക്തമാക്കിയിരുന്നുമില്ല. ഇതുകാരണമാണ് ജാമ്യം കിട്ടിയത്.
വഞ്ചിയൂർ അമ്പലത്തുമുക്ക് കുഴിയിൽ പുരയിടത്തിൽ രേവന്ത്, കല്ലുംമൂട് ശ്രീശൈലത്തിൽ വിഷ്ണു, പേട്ട ചായക്കുടി ലെയിൻ 603-ൽ വിനയ് പ്രകാശ്, പേട്ട കവറടി വിളയിൽവിളാകത്ത് ശംഭു, കല്ലുംമൂട് വൃന്ദാവനത്തിൽ നന്ദൻ എന്നിവർക്കാണ് ജാമ്യം കിട്ടിയത്.
കന്റോൺമെന്റ് പൊലീസെടുത്ത കേസിൽ ആറാം പ്രതി തൃശ്ശൂർ മതിലകം പുതിയകാവ് ഈരാറ്റുപറമ്പിൽ അമൻ ഗഫൂറിനാണ് ഒരു ദിവസത്തെ ജാമ്യം. മറ്റ് പ്രതികളായ തിരുമല പുത്തൻകട ശ്രീഭവനത്തിൽ യദുകൃഷ്ണൻ, അമരവിള മുതിവിള എസ്. പി നിവാസിൽ ആഷിഖ് പ്രദീപ്, ചെങ്കൽ കീഴ്ക്കൊല്ല വട്ടവിള ട്രിനിറ്റി ഹൗസിൽ ആഷിഷ്, കോട്ടുകാൽ മണലിവിള ചാനൽക്കര വീട്ടിൽ ദിലീപ്, മണക്കാട് പുത്തൻപള്ളി പള്ളിത്തെരുവ് വീട്ടിൽ റെയിൻ, ഊരൂട്ടമ്പലം പെരുമന ഗോവിന്ദമംഗലം ജയിൻ ഡെയ്‌ലിൽ റിനോ സ്റ്റീഫൻ എന്നിവരാണ് റിമാൻഡിലായത്.
ഗവർണറുടെ യാത്ര ഔദ്യോഗികമല്ലെന്ന്
ഗവർണർ ഔദ്യോഗിക കൃത്യനിർവഹണത്തിനാണോ പോയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കാത്തതിനാൽ ഐ.പി.സി 124 വകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന് മുൻ ജില്ലാ ഗവ. പ്ലീഡറും പ്രതികളുടെ അഭിഭാഷകനുമായ വെമ്പായം എ.എ. ഹക്കീം വാദിച്ചു. വിശദമായ വാദത്തിനായി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. സർക്കാരിനായി സീനിയർ അസി.പബ്ലിക് പ്രോസിക്യൂട്ടർമാരായ പ്രവീൺകുമാറും കല്ലംപള്ളി മനുവും ഹാജരായി.