beauty

ആദ്യകാലത്ത് പുരുഷന്മാരെക്കാൾ കൂടുതൽ ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്നത് സ്ത്രീകളായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി. പുരുഷന്മാരും പാർലറുകളിലെ നിത്യ സന്ദർശകരാണ്. ഇതിലൂടെ സൗന്ദര്യം കൂടുമെങ്കിലും സ്ട്രോക്ക് പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ലോകത്ത് പലഭാഗത്തും റിപ്പോർട്ട് ചെയ്യുന്നത്. ചിലർ നീണ്ട നാളെത്തെ ചികിത്സ കൊണ്ട് നിത്യ ജീവിതത്തിലേക്ക് തിരിച്ചുവരുമെങ്കിലും കൂടുതൽപ്പേർക്കും ജീവിതത്തിലെ ശേഷിക്കുന്ന കാലം ചികിത്സയുമായി തള്ളിനീക്കാനാവും വിധി. മുടി കഴുകുന്നതും മസാജ് ചെയ്യുന്നതും പോലും ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും. 'ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം' എന്നാണ് ഇത് അറിയപ്പെടുന്നത്.

ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം

ബ്യൂട്ടി പാർലറുകളിലെ സന്ദർശത്തിനുശേഷം ഉണ്ടാകുന്ന ഗുരുരതമായ ന്യൂറോളജിക്കൽ പ്രശ്നങ്ങളെയാണ് ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന് പറയുന്നത്. മുടി കഴുകുന്നതിനായി വാഷ് ബേസിനിൽ കഴുത്ത് ശരിയല്ലാത്ത രീതിയിൽ വയ്ക്കുന്നതുകൊണ്ടാണ് ഏറ്റവും അധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. തെറ്റായ രീതിയിൽ ഏറെ നേരം ചലനമില്ലാതിരിക്കുന്നത് ധനമനികൾക്കും മറ്റും ക്ഷതം ഉണ്ടാക്കുകയും പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും.

തലച്ചോറിലേക്ക് ആവശ്യമായ രക്തം എത്തിക്കുന്നത് ശരീരത്തിന്റെ പിൻഭാഗത്തെയും മദ്ധ്യഭാഗത്തെയും ധമനികളിലൂടെയുമാണ്. ഈ ധമനികൾക്ക് തടസം ഉണ്ടാകുമ്പോൾ തലച്ചോറിലേക്കുളള രക്തപ്രവാഹം തടസപ്പെടുകയോ കുറയുകയോ ചെയ്യും. ഇതാണ് കുഴപ്പമുണ്ടാക്കുന്നത്.

ലക്ഷണങ്ങൾ

ചിലരിൽ രോഗലക്ഷണങ്ങൾ ഉടനടി പ്രത്യക്ഷപ്പെടാം. എന്നാൽ മറ്റുചിലരിൽ ആഴ്ചകൾക്കുശേഷമായിരിക്കും പ്രത്യക്ഷപ്പെടുക. തലകറക്കം, ഓക്കാനം, ഛർദ്ദി, മങ്ങിയ കാഴ്ചയും ഇരട്ട കാഴ്ചയും, ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ, മുഖത്ത് മരവിപ്പ്, ഏതെങ്കിലും ഒരു അവയവത്തിന്റെ ബലഹീനത,ശരിയായ രീതിയിൽ സംസാരിക്കാൻ കഴിയാതെവരിക, കഴുത്തിൽ വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷങ്ങണങ്ങൾ. ഈ ലക്ഷണങ്ങൾ എല്ലായ്‌പ്പോഴും സ്ട്രോക്ക് സിൻഡ്രോമിന്റേത് ആയിരിക്കണമെന്നില്ല. അതിനാൽ ഡോക്ടറുടെ സേവനം എത്രയും പെട്ടെന്ന് ഉപയോഗപ്പെടുത്തുക.

പ്രതിരോധ നടപടികൾ

അല്പം ശ്രദ്ധിച്ചാൽ ഈ വലിയ പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയും. പാർലറിലെ ജീവനക്കാർ യോഗ്യതയുള്ളവരാണെന്നും പ്രവൃത്തിപരിചയമുള്ളവരാണെന്നും ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. മുടി കഴുകുമ്പോൾ കഴുത്ത് സുഖപ്രദമായ സ്ഥാനത്താണ് വയ്ക്കുന്നതെന്ന് ഉറപ്പാക്കുക. കഴുത്ത് 20 ഡിഗ്രിയിൽ കൂടുതൽ പിന്നിലേക്ക് വളയ്ക്കരുത്. കഴുത്തിന് വേദനയോ,ഛർദ്ദിയോ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബ്യൂട്ടീഷ്യനെ ഉടൻതന്നെ അറിയിക്കുക, മുഖം താഴേക്ക് കുനിച്ചശേഷം മുടി കഴുകുന്നതാണ് ഏറ്റവും നന്ന്.