k

കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും 41 ദിന മണ്ഡലകാലത്ത് അയ്യപ്പനെ കാണാൻ ശബരിമലയിലെത്തുന്നവർക്ക് അഞ്ചു സെക്കൻഡ് എങ്കിലും പുണ്യദർശനം നടത്താൻ വഴിയെ‍ാരുക്കേണ്ടത് ഏറ്റവും അടിസ്ഥാനപരമായ ആവശ്യം തന്നെയാണ്. അത് തീർത്ഥാടകരുടെ അവകാശമാണ്. എന്നാൽ, ഈ മണ്ഡലകാലത്ത് സംഭവിക്കുന്നതെന്താണ്? ഭക്തർക്ക് സുഗമദർശനം ഇന്ന് ശബരിമലയിൽ സാദ്ധ്യമാകാത്ത അവസ്ഥയാണ്.

അന്യസംസ്ഥനങ്ങളിൽ നിന്ന് എത്തുന്നവരടക്കം ദർശനം സാദ്ധ്യമാകാതെ മടങ്ങിപ്പോകുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇവരിൽ പലരും എത്രയോ അധികദൂരം കാൽനടയായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്. സമീപകാലത്തെ‍ാന്നും കാണാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് ശബരിമല തീർത്ഥാടകർ അനുഭവിക്കുന്നത്. തിരക്കു നിയന്ത്രണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ചു പറയുമ്പോഴും. അധികൃതരിൽ നിന്ന് ഒരു ഏകോപനവും നടക്കുന്നില്ല എന്നാണ് സത്യം. ഈ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ ഭാവിയിൽ വലിയൊരു അപകടത്തിനു തന്നെ ഈ അലംഭാവം വഴിവച്ചേക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

തീർത്ഥാടക ക്ഷേമത്തിനായി ഒരു വിട്ടുവീഴ്‌ചയുമില്ലാത്ത നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡും സർക്കാരും തയ്യാറാകണം. വരും തീർഥാടനകാലങ്ങളിലെങ്കിലും തിരക്കു നിയന്ത്രണ സംവിധാനം കുറ്റമറ്റതാക്കാൻ ശാസ്ത്രീയപഠനം നടത്തുകയും വേണം.

ശരത് എസ്. ആർ

കാട്ടാക്കട, തിരുവനന്തപുരം

മയിലുകളും

വരൾച്ചയും

കേരളത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ പ്രകടമായി അനുഭവപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. മേഘവിസ്ഫോടനവും അതിതീവ്രമഴയുമെല്ലാം അപ്രതിക്ഷിത വെള്ളപ്പൊക്കത്തിനും പ്രളയ ദുരന്തങ്ങൾക്കും മറ്റും ഇടയാക്കുന്നു. വൃശ്ചിക മാസം തുടങ്ങിയിട്ടും മഴ തുടരുന്നു. സാധാരണയായി മയിലുകൾ നാട്ടിലിറങ്ങുന്നത് അപൂർവമാണ്. പ്രത്യേകിച്ച്‌,​ തെക്കൻ ജില്ലകളിൽ. കഴിഞ്ഞ ദിവസം ഞങ്ങളുടെ വീടിന്റെ പരിസരത്ത് മയിലുകളെ കാണാനായി. മയിലുകൾ പെരുകുമ്പോൾ നാട്ടിൽ വരൾച്ച ഉണ്ടാകുമെന്ന് പറഞ്ഞുകെട്ടിട്ടുണ്ട്. ഇതെല്ലാം വരാനിരിക്കുന്ന കൊടുംവരൾച്ചയുടെ സൂചനയാണോ? ഈ വിഷയത്തിൽ ഗൗരവമുള്ള പഠനങ്ങൾ വേണം.

ആർ. ജിഷി

കൊട്ടിയം, കൊല്ലം

താത്കാലിക നിയമനങ്ങൾ

1950 ലും 1960 ലും സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവുകളനുസരിച്ച് പബ്ളിക് സർവീസ് കമ്മിഷൻ നിയമന പരിധിയിൽ ഉൾപ്പെടാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും,​ സർക്കാരിന് അമ്പതു ശതമാനത്തിലധികം ഓഹരിയുള്ള സ്ഥാപനങ്ങളിലെയും നിയമനം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിതന്നെ നടത്തണമെന്നാണ് ചട്ടം. ഓരോ തസ്തികയ്ക്കും യോഗ്യരായവർ ഇല്ലെങ്കിൽ,​ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് വാങ്ങിയതിനു ശേഷമേ നേരിട്ട് നിയമനം നടത്താൻ പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്. പി.എസ്.സിയുടെ പരിധിയിൽ വരുന്ന ഒഴിവുകളിലേക്കു തന്നെ ആറു മാസക്കാലത്തേക്ക് താത്കാലിക നിയമനം നടത്താനും നിയമമുണ്ട്. ഇതുസംബന്ധിച്ച് 2014-ലും 2018-ലും തൊഴിൽ വകുപ്പ് ഉത്തരവുകളിറക്കിയിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ഇപ്പോഴത്തെ നിയമന പ്രക്രിയകൾ. സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി മാത്രമേ നടത്താവൂ എന്നും,​ അത്തരം ഒഴിവുകൾ വരുന്ന വിവരം അതത് സ്ഥാപനങ്ങൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ നിർബന്ധമായും അറിയിക്കേണ്ടതാണെന്നും ആവർത്തിച്ചു വ്യക്തമാക്കി എംപ്ളോയ്മെന്റ് ഡയറക്ടറും തൊഴിൽ വകുപ്പ് കമ്മിഷണറും പുതിയ ഉത്തരവ് ഇറക്കേണ്ടതാണ്.

ഒരു സംഘം ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം