
പൃഥിരാജ് ചിത്രം ലൂസിഫറിലൂടെ കേരളത്തിൽ ഏറെ പ്രചാരം നേടിയ വാക്കാണ് ഇല്യുമിനാറ്റി. എന്താണ് കൃത്യമായി അറിയില്ലെങ്കിലും മുറിവ് അറിവോടെ ഒളിഞ്ഞും തെളിഞ്ഞും പലരും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ശരിക്കും ആരാണിവരെന്നും എവിടെയാണ് ഇതിന്റെ ഉത്ഭവമെന്നും എത്രപേർക്കറിയാം?
ഇല്യുമിനാറ്റിയുടെ ഉത്ഭവം
കോൺസ്‌പിറസി തിയറിസ്റ്റുകൾ പറയുന്നതുപോലെ രഹസ്യമായി ലോകം ഭരിക്കുന്നവരാണോ ഇല്യുമിനാറ്റികൾ? അതോ സാത്താൻ സേവകരോ? മിഥ്യ, ചരിത്രം എന്നിവയുടെ ഭാഗമായി മാറിയ, അനേകം ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ അടിത്തറയായി മാറിയ കുപ്രസിദ്ധമായ രഹസ്യ സമൂഹമാണ് ഇല്യുമിനാറ്റി.
ലോകത്തിലെ ഏറ്റവും വലിയ ഗൂഢാലോചന സിദ്ധാന്തങ്ങളിലൊന്നായി മാറിയ ഇല്യുമിനാറ്റികൾ ഫ്രാൻസിൽ നിന്നും ഇംഗ്ളണ്ടിൽ നിന്നും വരുന്നുവെന്നും യൂറോപ്പിലെ ഇവരുടെ യോഗസ്ഥലം ഇംഗോൾസ്റ്റാഡ് ആണെന്നും ഇംഗോൾസ്റ്റാഡിലെ പള്ളിയിൽ സേവനമനുഷ്ടിക്കുന്ന സിസ്റ്റർ അന്ന പറയുന്നു. ഇവർ ജർമനിയിലെ ബാവേറിയൻ നഗരത്തിൽ ഇപ്പോഴും രഹസ്യ യോഗങ്ങൾ കൂടുന്നുണ്ടെന്നും അന്ന സിസ്റ്റർ വെളിപ്പെടുത്തുന്നു.

ഇല്യുമിനാറ്റിയുടെ പേരിൽ ഏറ്റവും കുപ്രസിദ്ധമായ നഗരമാണ് ബാവേറിയയെങ്കിലും ഇതിന്റെ ഉത്സവസ്ഥലം ജർമനിയിലെ ഇംഗോൾസ്റ്റാഡ് ആണ്. 1776 മേയ് ഒന്നിന് ഇംഗോൾസ്റ്റാഡ് സർവകലാശാലയിലെ നിയമവിദഗ്ദ്ധനായ ആദം വെയ്ഷപ്‌ത് ആണ് ഇല്യുമിനാറ്റിയ്ക്ക് രൂപം നൽകിയത്. സമൂഹത്തിൽ മതത്തിനുള്ള സ്വാധീനത്തെ ചെറുക്കാനും അധികാര അടിച്ചമർത്തലുകളെ തടയാനും ഉദ്ദേശിച്ചായിരുന്നു ഈ രഹസ്യ സമൂഹത്തിന് രൂപം നൽകിയത്. വിമർശനങ്ങൾ ഉന്നയിക്കാനും ചർച്ചകൾ നടത്താനും സ്വതന്ത്രമായി സംസാരിക്കാനും പറ്റിയൊരു ഇടമായിരുന്നു പ്രൊഫസറുടെ മനസിൽ.
മതമായിരിക്കരുത് സമൂഹത്തെ നിയന്ത്രിക്കുന്നതെന്ന് വെയ്‌ഷപ്‌ത് ആഗ്രഹിച്ചു. സ്വാതന്ത്ര്യവും ധാർമിക സമത്വവുമുള്ള സമൂഹത്തെ വാർത്തെടുക്കുന്നത് അദ്ദേഹം സ്വപ്നം കണ്ടു. അക്കാലത്ത് മതപരവും രാഷ്ട്രീയവുമായ യാഥാസ്ഥിതികത ഇംഗോൾസ്റ്റാഡിനെ കയ്യടക്കി വാഴുകയായിരുന്നു. എന്നാൽ വെയ്‌ഷത്തിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തരായിരുന്ന ഭരണകൂടം അദ്ദേഹത്തിന്റെ ക്ളാസുകൾ ശക്തമായി നിരീക്ഷിച്ചിരുന്നു.
ഇല്യുമിനാറ്റിയുടെ പിറവിയ്ക്ക് പിന്നിൽ
തന്റെ ഏറ്റവും പ്രഗത്ഭരായ അഞ്ച് നിയമവിദ്യാർത്ഥികളെയാണ് സംഘത്തിലെ അംഗങ്ങളാകാൻ വെയ്‌ഷപ്‌ത് തിരഞ്ഞെടുത്തത്. പിന്നീടിത് വലിയൊരു ശൃംഖലയായി വളരുകയായിരുന്നു. പുരോഗമനപരമായ ചിന്തകളായിരുന്നു യോഗങ്ങളിൽ ചർച്ച ചെയ്തിരുന്നത്. ഇതിനോടൊപ്പം തന്നെ ഭരണകൂടത്തിന്റെ വിവരങ്ങൾ നൽകാൻ വലിയൊരു സംഘവും ഇതിൽ പ്രവർത്തിച്ചിരുന്നു.
പ്രമുഖ ജർമൻ നയതന്ത്രജ്ഞനായ ബാരൺ അഡോൽഫ് ഫ്രാൻസ് ഫ്രഡ്‌റിച്ചിന്റെ സഹായത്തോടെ ഇല്യുമിനാറ്റി 2000 അംഗങ്ങളുള്ള സംഘടനയായി വളർന്നു. ഇതിനിടെ ബവേറിയ, ഫ്രാൻസ്, ഹംഗറി, ഇറ്റലി, പോളണ്ട് തുടങ്ങി സ്ഥലങ്ങളിലേയ്ക്കും സംഘടന വ്യാപിച്ചു. ഇംഗോൾസ്റ്റാഡിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഇല്യുമിനാറ്റിയെങ്കിലും ഇവിടത്തെ താമസക്കാർക്ക് ഈ കുപ്രസിദ്ധ സംഘടനയെക്കുറിച്ച് വലിയ അറിവില്ലെന്ന് ഇംഗോൾസ്റ്റാഡിലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ അഭിപ്രായപ്പെടുന്നു.
വെയ്‌ഷപ്‌ത് ഒരു വിപ്ളവകാരിയായിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തകൻ അഭിപ്രായപ്പെടുന്നു. സമൂഹത്തെ നല്ല മനുഷ്യരുടെ ഇടമാക്കി മാറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മികച്ച ലോകം, മികച്ച ഭരണകൂടം എന്നിവയെ വാർത്തെടുക്കാൻ സമൂഹത്തെ മെച്ചപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. മനുഷ്യന് ആവശ്യമായ എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുക്കണമെന്ന ആശയത്തോടെയാണ് വെയ്‌ഷപ്‌ത് ഇല്യുമിനാറ്റിയ്ക്ക് രൂപം നൽകിയതെന്നും മാദ്ധ്യമപ്രവർത്തകൻ വ്യക്തമാക്കി.
എന്നാൽ സംഘടനയ്ക്ക് അധികനാൾ പ്രവർത്തിക്കാനായില്ല. ഒരു ദശകത്തിന് ശേഷം ഇല്യുമിനാറ്റിയുടെ ഭരണകൂട വിരുദ്ധമായ രചനകൾ കണ്ടെത്തിയ അധികാരികൾ സംഘടന അടച്ചുപൂട്ടി. പിന്നാലെ വെയ്‌ഷപ്‌തിനെ ഇംഗോൾസ്റ്റാഡിൽ നിന്ന് നാടുകടത്തുകയും ചെയ്തു.

ഇല്യുമിനാറ്റി അവസാനിച്ചോ?
എന്നാൽ ഇല്യുമിനാറ്റിയെന്ന രഹസ്യസംഘടന ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. സംഘടന യഥാർത്ഥത്തിൽ പിരിച്ചുവിട്ടില്ലെന്നും ഇപ്പോഴും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നും പല ചരിത്രകാരൻമാരും പറഞ്ഞുവയ്ക്കുന്നു. ഭരണകൂടത്തെ അട്ടിമറിക്കാൻ ഇല്യുമിനാറ്റി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് അവർ വിശ്വസിക്കുന്നു.
1789ൽ ആരംഭിച്ച ഫ്രഞ്ച് വിപ്ളവം, 1963ലെ ജോൺ എഫ് കെന്നഡി വധം, 2001ൽ യു എസിൽ നടന്ന ഭീകരാക്രമണം എന്നിവയ്ക്കെല്ലാം പിന്നിൽ ഇല്യുമിനാറ്റിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. നോവലുകൾ, ഡാൻ ബ്രൗണിന്റെ ചലച്ചിത്രമായ ഏഞ്ചഷസ് ആന്റ് ഡിമോൺസ് എന്നിവയിലൂടെയും ഇല്യുമിനാറ്റി പ്രശസ്തമാവുകയായിരുന്നു.

ജർമനിയിലെ തെരേസിയാൻട്രാസ് സ്ട്രീറ്റിലുള്ള വെയ്‌ഷപ്‌തിന്റെ വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഒരു ചെറിയ ബോർഡ്, ഇംഗോൾസ്റ്റാഡ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന വെയ്‌ഷപ്‌തിന്റെ ചില പുസ്‌തകങ്ങൾ എന്നിവയൊഴിച്ചാൽ ഇല്യുമിനാറ്റിയെ സംബന്ധിച്ച തെളിവുകളൊന്നും ഇന്ന് നിലവിലില്ല. 18ാം നൂറ്റാണ്ടിൽ ഇല്യുമിനാറ്റിയുടെ യോഗസ്ഥലമായാണ് വെയ്‌ഷപ്‌തിന്റെ വീടിനെ കണക്കാക്കുന്നത്. 1786ൽ നാടുകടത്തപ്പെടുന്നതിന് മുൻപ് വെയ്‌ഷപ്‌ത് ഇല്യുമിനാറ്റിയുടെ രൂപീകരണം സംബന്ധിച്ച് എഴുതിയ ഒരു പുസ്‌തകവും ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 'അപ്പോളജി ഡെർ ഇല്യുമിനാറ്റൻ' എന്നാണ് പുസ്‌തകത്തിന്റെ പേര്.
ഇപ്പോൾ ഇല്യുമിനാറ്റിയുടെ പേരിൽ പ്രചരിക്കുന്ന കഥകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് ചില ചരിത്രകാരൻമാർ വാദിക്കുന്നു. ഇല്യുമിനാറ്റിയെ എന്തായി മാറ്റിയോ അതിന് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് ഇവർ അടിവരയിട്ട് പറയുന്നു.